ഖത്തറില്‍ അപകടം വരുത്തുന്ന ഡ്രൈവര്‍മാര്‍ അധിക ഇന്‍ഷുറന്‍സ്‌ നല്‍കണം

ദോഹ: വാഹനാപകടത്തില്‍പ്പെട്ടതും ഗതാഗതനിയമങ്ങള്‍ പാലിക്കാത്തതിന്‌ നടപടിക്ക്‌ വിധേയരായവരുമായ ഡ്രൈവര്‍മാര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ തുക വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്‌ (ക്യു.സി.ബി) നിര്‍ദേശം പുറപ്പെടുവിച്ചു. ഇതുവഴി രാജ്യത്തെ റോഡുകളിലെ അപകടം കുറയ്‌ക്കാന്‍ സഹായകമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഡ്രൈവറുടെ കാര്യക്ഷമത വിലയിരുത്തി ഇന്‍ഷുറന്‍സ്‌ തുക നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കാനാണ്‌ അധികൃതര്‍ ശ്രമിക്കുന്നത്‌.

ഇതിനുവേണ്ടി ഓരോ ഡ്രൈവര്‍മാരുടെയും റോഡിലെ ചരിത്രം ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന നിലവാര നിര്‍ണയത്തിന്‌ വിധേയമാക്കും. ഇതു സംബന്ധിച്ചിട്ടുള്ള ഉത്തരവ്‌ ക്യു.സി ബി ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങള്‍ക്ക്‌ അയച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഡ്രൈവര്‍ റോഡില്‍ നിയമലംഘനങ്ങളും അപകടങ്ങളും നടത്തിയാല്‍ അതിനനുസരിച്ച്‌ ഇന്‍ഷുറന്‍സ്‌ തുകയും വര്‍ദ്ധിപ്പിക്കുമെന്ന്‌ ഉത്തരവില്‍ പറയുന്നത്‌. ഇതിനുപുറമെ വാഹനം ഏതുതരത്തില്‍പ്പെട്ടതാണ്‌, ഒരുവര്‍ഷത്തിനുളളില്‍ എത്ര കിലോ മീറ്റര്‍ ദൂരം ഡ്രൈവര്‍ വാഹനമോടിച്ചിട്ടുണ്ട്‌, അപകടങ്ങളും നിയമലംഘനങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതെല്ലാം പരിഗണിച്ചായിരിക്കും പുതിയ ഇന്‍ഷുറന്‍സ്‌ തുക നിശ്ചയിക്കുന്നത്‌.

ഏകീകൃത വാഹന ഇന്‍ഷൂറന്‍സ്‌ ചട്ടം സംബന്ധിച്ചിട്ടുള്ള പുതിയ സര്‍ക്കുലര്‍ എല്ലാ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്ക്‌ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും ക്യുസിബി നിര്‍ദേശിച്ചിട്ടുണ്ട്‌.