ഖത്തറിലെ സ്വദേശിവല്‍ക്കരണം;പട്ടിക പൂര്‍ത്തിയായി;നിരവധി മലയാളികള്‍ക്ക്‌ ജോലിനഷ്ടമാകും

Untitled-1 copyദോഹ: ഖത്തറിലെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലകളിലേക്കുള്ള പുതിയ നിയമനത്തിന്റെ പട്ടിക പൂര്‍ത്തിയായി. ഇതു പ്രകാരം പിരിച്ചു വിടുന്നവരുടെയും പുതുതായി നിയമനം നടത്തുന്നവര്‍ക്കുമുള്ള അറിയിപ്പുകള്‍ അടുത്താഴ്‌ച മുതല്‍ അയച്ചുതുടങ്ങും. പുതിയ നിയമം നടപ്പിലാകുന്നതോടെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്ക്‌ ജോലി നഷ്ടമാകും.

അതെസമയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക്‌ പിരിച്ചുവിടല്‍ നോട്ടീസ്‌ ലഭിച്ചു തുടങ്ങിയിട്ടുണ്ട്‌. പൊതുബജറ്റ്‌ പ്രഖ്യാപനത്തെ തുടര്‍ന്നാണ്‌ പുതിയ നിയമന ഉത്തരവുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്‌. ഭരണ വികസന കാര്യമന്ത്രാലയത്തിന്‌ ലഭിക്കുന്ന ലിസ്റ്റുകള്‍ അനുസരിച്ചായിരിക്കും സ്വദേശികളുടെ നിയമനവും പ്രവാസി തൊഴിലാളികളുടെ പിരിച്ചു വിടലും നടക്കുക.

അടുത്താഴ്‌ചയോടെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക്‌ പിരിച്ചിടല്‍ നോട്ടീസ്‌ ലഭിക്കുമെന്നാണ്‌ സൂചന. ഉമറുബ്‌നുല്‍ ഖത്താബ്‌ ഹെല്‍ത്ത്‌ സെന്ററിലെ മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക്‌ പിരിച്ചുവിടല്‍ നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. ഇതിനുപുറമെ വിവിധ പ്രൈമറി ഹെല്‍ത്ത്‌ സെന്ററുകളിലെ താഴ്‌ന്ന തസ്‌തികളില്‍ ജോലി ചെയ്യുന്ന 450 ഓളം തൊഴിലാളികളെയും ഉടന്‍ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്‌.

ഈടെ രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന്‌ തൊഴിലാളികളെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടിരുന്നു. ഇതിനു പിറകെ സര്‍ക്കാര്‍ മേഖലയിലെ പിരിച്ചുവിടല്‍ കൂടി ആരംഭിച്ചതോടെ നിരവധി മലയാളികള്‍ ഉള്‍പ്പെട്ട പ്രവാസികള്‍ക്ക്‌ നാട്ടിലേക്ക്‌ തിരിച്ചുവരികയല്ലാതെ മറ്റ്‌ മാര്‍ഗമില്ലാതായിരിക്കുകയാണ്‌.