ഖത്തര്‍ മലയാളി മാന്വല്‍ കോപ്പിയടിച്ച്‌ പ്രസിദ്ധീകരിച്ചതായി പരാതി

Untitled-1 copyദോഹ: മീഡിയ പ്ലസ്‌ പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലെ വിവരങ്ങള്‍ കോപ്പിയടിച്ച്‌ വിവര്‍ത്തനം നടത്തി പ്രസിദ്ധീകരിച്ചതായി പരാതി. ഖത്തര്‍ മലയാളി ഡയറക്ടറി എന്ന പേരില്‍ ആലപ്പുഴകേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്ഥാവനമാണ്‌ പുസ്‌തകം ഇംഗ്ലീഷില്‍ പകര്‍ത്തിയിട്ടുള്ളതെന്നും ഇവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും മീഡിയ പ്ലസ്‌ സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഖത്തര്‍ മലയാളി മാന്വലിലെ ഫോട്ടോകളും വിവരങ്ങളും അനധികൃതമായാണ് ഖത്തര്‍ മലയാളി ഡയറക്ടറിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ഖത്തര്‍ മലയാളി ഡയറക്ടറിയുടെ മാനേജിങ് ഡയറക്ടര്‍ സന്തോഷ് കൊട്ടാരം, ഖത്തര്‍ പ്രതിനിധി പ്രീതി കൊട്ടാരം എന്നിവര്‍ക്കെതിരെ ഖത്തറിലും, പബ്ളിഷറും ചീഫ് എഡിറ്ററുമായ സാജീദ് ഖാന്‍ പനവേലില്‍, എക്സിക്യുട്ടീവ് എഡിറ്റര്‍ വി.കെ ജോണി എന്നിവര്‍ക്കെതിരെ നാട്ടിലുമാണ് നിയമനടപടി ആലോചിക്കുന്നത്.

2011ലാണ് മീഡിയ പ്ളസ് ഖത്തര്‍ മലയാളി മാന്വല്‍ പ്രസിദ്ധീകരിച്ചത്. 2013 ല്‍ മാന്വലിന്‍െറ പരിഷ്കരിച്ച രണ്ടാം പതിപ്പും പുറത്തിറക്കി. കൂടുതലാളുകളെ ഉള്‍പ്പെടുത്തി മൂന്നാം പതിപ്പ് പുറത്തിറക്കാനുളള  ഒരുക്കത്തിനിടയിലാണ്‌ തങ്ങളുടെ പ്രസിദ്ധീകരണം മോഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന്‌ ഇവര്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ അഫ്സല്‍ കിളയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിങ് കോ ഓഡിനേറ്റര്‍മാരായ ഫൗസിയ അക്ബര്‍, അബ്ദുല്‍ ഫതാഹ് നിലമ്പൂര്‍ എന്നിവര്‍  പങ്കെടുത്തു.