ഖത്തര്‍ ഫൗണ്ടേഷനിലെ ഇന്ത്യക്കാരനുള്‍പ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും

Untitled-1 copyദോഹ: ഖത്തര്‍ ഫൗണ്ടേഷനിലെ ഇന്ത്യക്കാരനുള്‍പ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും.
ഇന്‍ഷുറന്‍സ് കമ്പനിയുടെ കോണ്‍ട്രാക്ട് പുതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടത് സംബന്ധിച്ച കേസിലാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും ലഭിച്ചത്.
ഇന്ത്യക്കാരനായ നാരായണ്‍ മനുഖിനും ഫൈസല്‍ അല്‍ ഹുജൈരി എന്ന സ്വദേശിക്കുമാണ് അഞ്ച് വര്‍ഷം തടവും ഇരുവരും കൂടി 30 ലക്ഷം റിയാല്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടത്. ഖത്തര്‍ ഫൗണ്ടേഷന്‍ ധനകാര്യ വിഭാഗത്തില്‍ പെയ്‌മെന്റ് ഡയരക്ടര്‍ പദവിയിലിരിക്കുന്ന ആളാണ് നാരായണ്‍.
ഫൈസല്‍ ഹജീരി ധനകാര്യ വിഭാഗം ഡയരക്ടറാണ്. ഇരുവരെയും പദവികളില്‍ നിന്നും പിരിച്ച് വിടുകയും നാരായണിനെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനും വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് കേസുമായി ബന്ധപ്പെട്ട സംഭവമുണ്ടായത്. ഖത്തര്‍ ഫൗണ്ടേഷന് ഹെല്‍ത്ത് ആന്റ് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കിയിരുന്ന ഫ്രഞ്ച് കമ്പനിയായ എ എക്‌സ് എയുടെ റീജനല്‍ മാനേജറോട് പദ്ധതി പുതുക്കാനായി കൈക്കൂലി ചോദിച്ചതാണ് കേസ്.
കരാര്‍ പുതുക്കാനായി രണ്ട് ദശലക്ഷം റിയാലാണ് നാരായണ്‍ ആവശ്യപ്പെട്ടത്. ദഫ്‌നയിലെ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വച്ചായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
എന്നാല്‍ തങ്ങളുടെ കമ്പനി കൈക്കൂലി നല്‍കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനിയുടെ സി ഇ ഒ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇദ്ദേഹം വിവരം ഖത്തര്‍ സി ഐ ഡി വിഭാഗത്തെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷനില്‍ കുറ്റവാളികള്‍ പിടിയിലാവുകയുമായിരുന്നു.