ഖത്തര്‍ ജലവകുപ്പ്‌ ജീവനക്കാരുടെ ബോണസുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നു

dohaദോഹ: ഖത്തര്‍ ജല വൈദ്യുതി വകുപ്പ്‌ മികവുപുലര്‍ത്താത്ത ജീവനക്കാരുടെ ബോണസ്‌ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ നടപടികള്‍ കര്‍ശനമാക്കിയതോടെയാണ്‌ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ ആശങ്കയിലാഴ്‌ത്തി ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. ജീവനക്കാരുടെ പ്രവര്‍ത്തന മികവ്‌ മെച്ചപ്പെടുത്താനായി ഏര്‍പ്പെടുത്തിയ ഗ്രേഡിംഗ്‌ സമ്പ്രദായത്തില്‍ ശരാശരിക്ക്‌ താഴെ രേഖപ്പെടുത്തുന്നവരുടെ ആനുകൂല്യങ്ങളാണ്‌ റദ്ദാക്കുക. ഇക്കഴിഞ്ഞ ഇനുവരി 31 ന്‌ പ്രസിദ്ധീകരിച്ച ഗ്രേഡിംഗ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

പുതിയ സമ്പ്രദായപ്രകാരം ജീവനക്കാരുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ്‌ വിലയിരുത്തുക. സ്ഥാപനം നിഷ്‌കര്‍ഷിക്കുന്ന സുക്ഷമ മാനദ്‌ണ്ഡങ്ങള്‍ പാലിക്കുന്നതുള്‍പെടെയുള്ള കാര്യങ്ങളും പരിഗണനയ്‌ക്ക്‌ വരും. ജോലി നിലവാരം ഉയര്‍ത്തുന്നതിന്‌ വേണ്ടി കാലേകൂട്ടി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും നിര്‍ദേശിച്ചിട്ടും ഇവ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയ തൊഴിലാളികളാണ്‌ നടപടികള്‍ക്ക്‌ വിധേയരാവുക. വര്‍ഷങ്ങളായി കമ്പനിക്ക്‌ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ്‌ ഗ്രേഡിംഗ്‌ സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്നാണ്‌ അധികൃതരുടെ വിശദീകരണം. എന്നാല്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഈയിടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കഹ്‌റാമയിലും നടപ്പിലാക്കുന്നതിന്റെ സൂചനയാണ്‌ ജീവനക്കാര്‍ ഇതിനെ വിലയിരുത്തുന്നത്‌.

രാജ്യത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ അധിക ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും പ്രവര്‍ത്തന മികവ്‌ മെച്ചപ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്‌.