ഖത്തര്‍ എയര്‍വെയ്‌സും റോയല്‍ എയര്‍ മറോക്കും സഹകരിച്ച്‌ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

ദോഹ: ഖത്തര്‍ എയര്‍വെയ്‌സും മോറോക്കന്‍ വിമാന കമ്പനിയായ റോയല്‍ എയര്‍ മറോക്കുമായി വ്യോമയാന രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഇരു കമ്പനികളുടേയും സി ഇ ഒമാര്‍ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ മെയ് മാസത്തില്‍ ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍, റോയല്‍ എയര്‍ മൊറാക്ക് സി ഇ ഒ ഡ്രിസ്സ് ബെന്‍ഹിമ എന്നിവരാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ദോഹ- കാസാബ്ലാങ്ക റൂട്ടില്‍ റോയല്‍ എയര്‍ മൊറാക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.

നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്ന ഏഴ് സര്‍വീസുകള്‍ ഉള്‍പ്പെടെ ഈ റൂട്ടില്‍ ഇനി മുതല്‍ 10 സര്‍വീസുകളാണ് ഇരു കമ്പനികളും ചേര്‍ന്ന് സംയുക്തമായി നടത്തും. ഇരു കമ്പനികളും ഡ്രീംലൈനര്‍ 787 വിമാനമാണ് ഈ റൂട്ടില്‍ ഉപയോഗപ്പെടുത്തുക. ഹമദ് വിമാനത്താവളത്തിലേക്ക് റോയല്‍ എയര്‍ മൊറാക്കിനെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കിയ അക്ബര്‍ അല്‍ ബാക്കിര്‍ പുതിയ കൂട്ടുകെട്ട് ഇരു കമ്പനികളെയും ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.

ലോകത്തിലെ തന്നെ പ്രമുഖ വിമാന കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള റോയല്‍ എയര്‍ മൊറാക്കിന്റെ തീരുമാനം കമ്പനിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച മൊറോക്കന്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക് മന്ത്രി അസീസ് റബാഹ് പറഞ്ഞു. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകത്തിന് പരിചയപ്പെടുത്താന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് എയര്‍ലൈനുകള്‍ക്കും മത്സരം ശക്തമാക്കാനും ഈ റൂട്ടിലെ വരുമാനം പങ്കുവെക്കാനും പുതിയ ബന്ധത്തിലൂടെ കഴിയും.

റോയല്‍ മറോക്കിന്റെ നാല്‍പ്പതോളം ആഫ്രിക്കന്‍ റൂട്ടുകളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിനെയും ഖത്തര്‍ എയവേസിന്റെ 70 റൂട്ടുകളിലേക്ക് റോയല്‍ മറോക്കിനെയും പരസ്പരം ബന്ധിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊറോക്കന്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജസ്റ്റിക് മന്ത്രി അസീസ് റബാഹ്, റോയല്‍ എയര്‍ മറോക്ക് സി ഇ ഒ ഡ്രിസ്സ് ബെന്‍ഹിമ, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മൊറോക്കന്‍ വിമാനത്തിലാണ് ദോഹയിലെത്തിയത്.