ക്ഷേത്രഭൂമി തിരിച്ചുപിടിക്കല്‍; വി.എസ് പന്തല്ലൂരില്‍.

പന്തല്ലൂരിലെ ക്ഷേത്രഭൂമി മനോരമ കുടുംബം കൈയ്യേറിയ കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് റവന്യൂമന്ത്രി പൂഴ്ത്തിയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മഞ്ചേരിക്കടുത്ത് പന്തല്ലൂരില്‍ ദേവസ്വത്തിന്റെ 131 ഹെക്ടര്‍ ഭൂമി മനോരമ കുടുംബം കൈയ്യേറിയതിനെതിരെ പന്തല്ലൂര്‍ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാലനിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

 

ഭൂമി കൈയ്യേറ്റത്തെ കുറിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന്റെ അന്വേഷണറിപ്പോര്‍ട്ട് റവന്യൂമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നാണ് തനിക്കു കിട്ടിയ റിപ്പോര്‍ട്ട് എന്ന് വി.എസ് പറഞ്ഞു. ക്ഷേത്രഭൂമി കൈയ്യേറ്റവിഷയത്തില്‍ മലയാള മനോരമയ്‌ക്കെതിരെ വി.എസ് ആഞ്ഞടിക്കുകയായിരുന്നു.

 

പന്തല്ലൂര്‍ ഭഗവതിയുടെ ക്ഷേത്രഭൂമി തട്ടിയെടുത്തെന്ന് മാത്രമല്ല ഏക്കര്‍ കണക്കിന് മറിച്ചു വില്‍ക്കുകയും ചെയ്തു. പത്രത്തിന്റെ മറവില്‍ പന്തല്ലൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ഏക്കര്‍ കണക്കിന് ഭൂമി മനോരമ തട്ടിയെടുത്തതായി മനോരമ പറഞ്ഞു. മനോരമ കുടുംബം കൈയ്യേറിയ ക്ഷേത്രഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടാണ് പന്തല്ലൂര്‍ ക്ഷേത്രസംരക്ഷണസമിതി ക്ഷേത്രപരിസരത്ത് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.