ക്രൈംബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് തിരൂരങ്ങാടിയില്‍ പിടിയില്‍.

തിരൂരങ്ങാടി: ക്രൈംബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് ചെമ്മാട് ഒന്നിലധികം പേരുടെ സ്വര്‍ണവും പണവും പണവും തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി വല്ലപ്പുഴ പൂള വളപ്പില്‍ മുസ്തഫ(30)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാസങ്ങളോളം ചെമ്മാട് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.

മൂന്നിയൂര്‍ ആലിന്‍ ചുവട്ടില്‍ കാഞ്ഞാണിക്കല്‍ അബ്ദുള്‍ നാസറിനെയാണ് ഇയാള്‍ ആദ്യം തട്ടിപ്പിനിരയാക്കിയത്. ചെമ്മാട്ട് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന നാസറിനെ മാസങ്ങള്‍ക്ക് മുമ്പ് ക്രൈംബ്രാഞ്ച് എസ്‌ഐയാണെന്ന് സ്വയം പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് മകന് സുഖമില്ലെന്ന് പറഞ്ഞ് പണയം വെക്കാനായി ഒന്നരപ്പവന്റെ മൂന്ന് മോതിരവും അയ്യായിരം രൂപയും മുസ്തഫ കടമായി വാങ്ങി. പിന്നീട് തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുപോയ 40,000 രൂപ തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു വെന്നും ജോലി നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തരമായി പണമടയ്ക്കാന്‍ സഹായിക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

ഇതിനായി നാസര്‍ രണ്ട് പവന്റെ രണ്ട് വളകള്‍ കൂടി മുസ്തഫയ്ക്ക് പണയം വെക്കാന്‍ നല്‍കി. കൂടാതെ ബ്യൂട്ടിപാര്‍ലറിലെ മറ്റൊരു സന്ദര്‍ശകനായ യൂനസില്‍ നിന്ന് 5,000 രൂപയും കടം വാങ്ങി. പിന്നീട് ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഒരു കേസ് തെളിയിച്ചതിനെന്ന പേരില്‍ ഇരുവരെയും ഇയാള്‍ താമസിക്കുന്ന മുറിയില്‍ കൊണ്ടുപോയി പാര്‍ട്ടി നടത്തി. കൂടാതെ വിശ്വാസ്യതയ്ക്കായി വെളിമുക്ക് ദേശീയ പാതയോരത്ത് ഒരു ബഹുനില വീടുകാണിച്ച് ഇത് തന്റെതാണെന്ന് പറഞ്ഞു. ഇതെ കുറിച്ച് സംശയം തോന്നിയ നാസറും യൂനസും നടത്തിയ അന്വേഷണമാണ് മുസ്തഫയെ പോലീസിന്റെ വലയിലാക്കിയത്.

പാണ്ടികാട്ടും, കുന്നങ്കുളത്തും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാളുടെ മുറിയില്‍ നിന്നും സാബു, മുസ്തഫ എന്നീ പേരുകളിലുള്ള ക്രൈംബ്രാഞ്ച് എസ്‌ഐയുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡുമുണ്ട്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.