ക്രിസ്തുവിവാദം കത്തുന്നു സിപിഐഎം പ്രതിരോധത്തിലേക്ക്

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കേരളത്തില്‍ ക്രൈസ്തവ സഭകളും സിപിഐഎം നേതൃത്വവും തുറന്നപോരിലേക്ക്. സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡില്‍ മതനിന്ദയെന്നാരോപിച്ച് വിവിധ ക്രൈസ്തവസഭകള്‍ മുന്നോട്ടുവന്നു. തിരുവത്താഴത്തിന്റെ ചിത്രം സ്ഥാപിച്ചതുമായി സിപിഐഎം-ന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രിസ്തുവിനെ മനസ്സിലാക്കാത്ത പള്ളിക്കാരാണ് വിവാദമുണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. അവസാനത്തെ അത്താഴത്തിന്റെ ചിത്രത്തില്‍ ക്രിസ്തുവിനു പകരം ഒബാമയെ കാണിക്കുന്ന ബോര്‍ഡാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്.

നേരത്തെ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തില്‍ വിപ്ലവകാരികളുടെ പട്ടികയില്‍ ക്രിസ്തുചിത്രം ഇടം പിടിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. വിമോചന പോരാളി എന്ന നിലയ്ക്കാണ് ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റുകാര്‍ ആദരിക്കുന്നത് എന്ന നിലപാടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ എടുത്തിരുന്നത്. ഇത് വിവാദമായപ്പോള്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റ മാര്‍ത്തോമ വലിയ മെത്രാപൊലീത്ത അടക്കമുള്ളവര്‍ സിപിഐഎം നിലപാടിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വിവാദം ക്രിസ്തുവിനെ മനസ്സിലാക്കാത്തവരുടെ സൃഷ്ടിയാണെന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രസനാധിപന്‍ യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപൊലീത്ത സിപിഐഎം നിലപാട് അംഗീകരിച്ചുകൊണ് പ്രസ്താവിച്ചു. വിവിധ ക്രൈസ്തവ സഭകളുടെ ഭാഗത്തുനിന്നും സിപിഐഎം നിലപാട് മതനിന്ദയാണെന്ന് ആരോപിച്ച് പ്രസ്താവനകള്‍ ഉണ്ടായി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ക്രിസ്തുവിനെ ഒറ്റുകൊടുക്കുന്ന യൂദാസിനോട് സിപിഐഎം നെ ഉപമിച്ച് രംഗത്തുവന്നു.

സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡില്‍ തിരുവത്താഴചിത്രത്തില്‍ ഒബാമ സ്ഥാനം പിടിച്ചെന്ന വാര്‍ത്തയോടെ വിവാദം വീണ്ടും ചുടുപിടിക്കുകയായിരുന്നു. കെ.സി.ബി.സിയുടെ സീറോ മലബാര്‍ സഭയും സിപിഐഎംന് എതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഞായറാഴ്ച്ച പള്ളികള്‍ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളില്‍ സിപിഐഎം വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. ദൈവപുത്രനെ മനുഷ്യരായ രാഷ്ട്രീയ നേതാക്കളുമായി താരതമ്യപ്പെടുത്തുകവഴി ക്രിസ്ത്യാനികളെ അപമാനിക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്ന് ഫാദര്‍ സ്റ്റീഫന്‍ അഗത്തറ കുറ്റപ്പെടുത്തി. സിപിഐഎം നടപടി വിശ്വാസികള്‍ക്ക് വിഷമമുണ്ടാക്കുന്നതാണെന്ന് ഫാദര്‍ സൂസപാക്യം പറഞ്ഞു. സിപിഐഎം-ന് ചരിത്രമറിയില്ലയെന്ന് ഫാദര്‍. പോള്‍ കല്ലേകാട് പ്രതികരി്ച്ചു. വാദത്തിന് കൊഴുപ്പ് പകര്‍ന്നുകൊണ്ട് സിപിഐഎം ദൈവനിന്ദ നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

തിരുവത്താഴത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചതുമായി സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ല എന്ന് പിണറായി വിജയന്‍ പറഞ്ഞു. ബോര്‍ഡ് പ്ര്ത്യക്ഷപ്പെട്ടതായി അറിഞ്ഞയുടനെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എടുത്തു നീക്കിയിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇഎംഎസിന് ശേഷം തുറന്ന ഒരു മത-മാര്‍കിസ്റ്റ് സംവാദത്തിന് കേരളത്തില്‍ തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്. ഇത് വരും ദിവസരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് നിമിത്തമായേക്കാം.