ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്.

തിരുവനന്തപുരം:മോശം പുരുമാറ്റം നടത്തിയെന്ന ആരോപണത്തില്‍
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. അതേസമയം സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥനെ കെ.സി.എ പരിശീലകരെയും ഭാരവാഹികളെയും ബന്ധപ്പെടുന്നതില്‍ നിന്നും സംഘടന വിലക്കി. പരിശീലന വേദി, കളിസ്ഥലം എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ കയറരുതെന്നും നിര്‍ദേശമുണ്ട് .തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് സഞ്ജു മാപ്പ് എഴുതി നല്‍കിയതായും സൂചനയുണ്ട്.

മുംബൈയില്‍ നടന്ന ഗോവക്കെതിരായ കേരളത്തിന്റെ മല്‍സരത്തിലാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്. മല്‍സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ താരം ഡ്രെസിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ ഗ്രൌണ്ട് വിട്ട് പോവുകയും ചെയ്തു എന്നാണ് ആരോപണം. ഗുഹാവത്തിയില്‍ ആന്ധ്രക്കെതിരായ മല്‍സരത്തിലും ഇതാവര്‍ത്തിച്ചു. തുടര്‍ന്ന് നാട്ടില്‍ പോകണമെന്ന സഞ്ജുവിന്റെ ആവശ്യം കെസിഎ അംഗീകരിച്ചില്ല. അപ്പോള്‍ അച്ഛന്‍ കെസിഎ ഭാരവാഹികളെ ചീത്തവിളിച്ചു എന്നാണ് ആരോപണം. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ചാണ് താക്കീത് ചെയ്തിട്ടുള്ളത്.

 

Related Articles