ക്യൂബയക്ക്‌ അമേരിക്കയുടെ പാരിതോഷികം വേണ്ട; ഫിദല്‍ കാസ്‌ട്രോ

fidel-castroഹവാന: ക്യൂബയ്‌ക്ക്‌ അമേരിക്കയുടെ ഒരു പാരിതോഷികവും ആവശ്യമില്ലെന്ന്‌ ക്യൂബന്‍ വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോ. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച്‌ ദേശീയ ദിനപത്രത്തില്‍ ബ്രദര്‍ ഒബാമ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ്‌ ഫിദല്‍ കാസ്‌ട്രോ നിലപാട്‌ വ്യക്തമാക്കിയത്‌.

അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ക്യൂബന്‍ ജനതക്ക് മറക്കാനാവില്ല. അമേരിക്കന്‍ വംശീയതയില്‍ നിന്ന് ക്യൂബ മോചനം നേടിയത് വിപ്ലവത്തിലൂടെയാണ്. 1961ലെ അമേരിക്കന്‍ അധിനിവേശത്തെ ഓര്‍മ്മിപ്പിച്ച് കാെണ്ടായിരുന്ന കാസ്‌ട്രോയുടെ അഭിപ്രായപ്രകടനം. ആവശ്യമുള്ള ഭക്ഷണവും സമ്പത്തും മറ്റ് വസ്തുക്കളും ഉല്‍പ്പാദിപ്പിക്കാന്‍ ഞങ്ങളുടെ ബുദ്ധിയും അധ്വാനവും കൊണ്ട് കഴിയുന്നുണ്ട്. കഴിഞ്ഞ അന്‍പതു വര്‍ഷത്തെ ശത്രുത മറക്കാനാവില്ല. എല്ലാം മറക്കാന്‍ ഒബാമ ആവശ്യപ്പെടുന്നു. എന്നാല്‍ തങ്ങള്‍ എന്താണ് മറക്കേണ്ടതെന്നും കാസ്‌ട്രോ കത്തില്‍ ചോദിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഒബാമ ഫിദല്‍ കാസ്‌ട്രോയെ സന്ദര്‍ശിക്കുകയോ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തുകയോ ചെയ്തിരുന്നില്ല. 1959ലെ വിപ്ലവത്തിനുശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ.