കോഴിക്കോട്‌ വിദേശജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌; യുവതി ഉള്‍പ്പെടെ 2പേര്‍ അറസ്റ്റില്‍

Untitled-1 copyകോഴിക്കോട്‌: ഓസ്‌ട്രേലിയയിലും കാനഡയിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടി മുങ്ങിയ കേസില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബംഗളൂരുവില്‍ വെച്ചാണ്‌ പോലീസ്‌ പ്രതികളെ പിടികൂടിയത്‌. തിരുവനന്തപുരം കവടിയാര്‍ വട്ടിയൂര്‍ സ്വദേശി കുഴിവിളാകത്ത്‌ പ്രസാദ്‌ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ ഇവരെ പിടികൂടിയത്‌.

മലപ്പുറം മഞ്ചേരി ചെക്കന്നത്തുക്കണ്ടി സി.കെ മുഹമ്മദ്‌ കോയ(45), തിരുവമ്പാടി കക്കാടം പൊയില്‍ പാലക്കുന്നത്ത്‌ നളിനി(35) എന്നിവരാണ്‌ അറസ്റ്റിലായത്‌. നടക്കാവ്‌ പോലീസാണ്‌ പ്രതികളെ പിടികൂടിയത്‌.

കോഴിക്കോട്‌ അശോകപുരം ബാലന്‍ കെ.നായര്‍ റോഡിലുള്ള കക്കാട്‌ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ച ഇന്‍ഡോ ഗ്ലോബ്‌ ആഗ്രോ എന്ന സ്ഥാപനത്തിന്റെ പേരില്‍ ഇന്റര്‍നെറ്റിലൂടെ ഇവര്‍ പരസ്യം നല്‍കിയിരുന്നു. ഇവര്‍ക്ക്‌ അരലക്ഷം രൂപ നല്‍കി കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ പ്രസാദ്‌ പോലീസില്‍ പരാതി നല്‍കിയത.

നടക്കാവ്‌ എസ്‌ ഐമാരായ ഉണ്ണികൃഷ്‌ണന്‍, വേണുഗോപാലന്‍, എ എസ്‌ ഐ മാരായ കെ.ശ്രീനിവാസന്‍, എ. അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ ഇവരെ പിടികൂടിയത്‌.