കോഴിക്കോട്‌ നിസ പ്രവര്‍ത്തകര്‍ കാന്തപുരത്തിന്റെ കോലം കത്തിച്ചു

Story dated:Monday November 30th, 2015,12 12:pm
sameeksha sameeksha

nisa-668x501കോഴിക്കോട്‌: ലിംഗസമത്വം പ്രകൃതിവിരുദ്ധവും ഇസ്ലാം വിരുദ്ധവുമണെന്ന കാന്തപുരത്തിന്റെ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച്‌ നിസ പ്രോഗ്രസീവ്‌ മുസ്ലിം വുമണ്‍ ഫോറം കാന്തപുരത്തിന്റെ കോലം കത്തിച്ചു. കിഡ്‌സണ്‍ കോര്‍ണറിലാണ്‌ പ്രതിഷേധം നടത്തിയത്‌.

തുടര്‍ന്ന്‌ ‘ഇസ്ലാമും ലിംഗനീതിയും’ എന്ന വിഷയത്തില്‍ നിസയുടെ നേതൃത്വത്തില്‍ കഴിക്കോട്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സംവാദം എം.എന്‍ കാരശ്ശേരി ഉദ്‌ഘാടനം ചെയ്‌തു. മാധ്യമപ്രവര്‍ത്തക വി പി റജീന മുഖ്യ പ്രഭാഷണം നടത്തി.

ഉറക്കത്തില്‍ നിന്നെഴുന്നേറ്റ്‌ പിച്ചും പേയും പറയുന്ന സ്വഭാവമാണ്‌ കാന്തപുരത്തിനെന്ന്‌ നിസ ചെയര്‍പേഴ്‌സണ്‍ വി പി സുഹറ പറഞ്ഞു. ഇന്നുവരെ സ്‌ത്രീകളെ കുറിച്ച്‌ അദേഹം പറഞ്ഞ വിവാദ ആശയങ്ങളൊന്നും ഇസ്ലാമിന്റെ ആശയമല്ലെന്നും സുഹറ വ്യക്തമാക്കി.

ലിംഗനീതിക്കുവേണ്ടിയുള്ള ഇത്തരം സംവാദങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഒപ്പമാണ്‌ താനെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ എം എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു.

ഷീബ അമീര്‍, എം.സുല്‍ഫത്ത്‌,ഡോ.ഖദീജ മുംതാസ്‌, കെ അജിത, കല്‍പ്പറ്റ നാരായണന്‍, കെ എം വേണുഗോപാല്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.