കോഴിക്കോട്‌ എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും-വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജു

കരിപ്പൂര്‍ വിമാനതാവളം ആധുനികവല്‍ക്കരിക്കും

എയര്‍ ഇന്ത്യ കോഴിക്കോടിലെ നിലവിലെ സര്‍വീസുകള്‍ വര്‍ധിപ്പിച്ച്‌ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന്‌ വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജു .കരിപ്പൂരില്‍ നിലവിലെ 44 സര്‍വീസില്‍ നിന്ന്‌ 63 സര്‍വീസാക്കി ഉയര്‍ത്തും.കൊച്ചി,തിരുവനന്തപുരം തുടങ്ങിയ അന്താരാഷ്ട്ര വിമാനതാവളങ്ങളിലും അധിക സര്‍വീസുകള്‍ അനുവദിച്ചു.

കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന പുതിയ ആഗമന ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.എയര്‍പോര്‍ട്ടിലെ സോളാര്‍ പാനലിന്റെ ഉദ്‌ഘാടനം ലോകാസഭാംഗം ഇ.അഹമ്മദ്‌ നിര്‍വഹിച്ചു.

കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ സഥിതി ചെയ്യുന്ന സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്‌ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ഒരുമിച്ചായിരിക്കണമെന്ന്‌ മന്ത്രി പറഞ്ഞു.നിലവിലെ എയര്‍പോര്‍ട്ടിലെ ഭൂമി സംബന്ധമായ വിഷയങ്ങളില്‍ ഉടനടി തീരുമാനം ഉണ്ടാകുമെന്ന എന്ന വസ്‌തുതയെ ഖണ്ഡിക്കുകയായിരുന്നു അദ്ദേഹം.

ജില്ല വിനോദ സഞ്ചാരത്തിന്‌ അനുയോജ്യമായ പ്രദേശമായതുകൊണ്ട്‌ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ എയര്‍പോര്‍ട്ട്‌ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി ആധുനികവല്‍ക്കരിക്കണമെന്ന്‌്‌ മന്തി പറഞ്ഞു.അതിനാവശ്യമായ സഹായങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ്‌ നല്‍കുമെന്നും മന്ത്രി പറഞ്ഞു.കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌.അതുകൊണ്ട്‌ കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കി.2017 ഓടെ പുതിയ ആഗമന ബ്ലോക്കിന്റെ പണി പൂര്‍ത്തിയാകും.85 കോടി രൂപ ചെലവിലാണ്‌ ബ്ലോക്ക്‌ നിര്‍മിക്കുന്നത്‌.
പരിപാടിയില്‍ ലോകസഭാംഗം എം.കെ രാഘവന്‍,രാജ്യസഭാംഗം പി,വി അബ്ദുല്‍ വഹാബ്‌,മുഹമ്മദുണ്ണി ഹാജി എം.എല്‍.എ,എയര്‍പോര്‍ട്‌സ്‌ അതോറിറ്റി ചെയര്‍മാന്‍ ആര്‍.കെ ശ്രീവാസ്‌തവ,എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.