കോഴിക്കോടന്‍ കാഴ്ചകളിലേക്ക് ഇന്ന് ഷട്ടര്‍ തുറക്കും.

കോഴിക്കോടിന്റെ സൗഹൃദങ്ങളിലേക്ക്, സ്‌നേഹ കാഴ്ചകളിലേക്ക് ഒരു യാത്രയ്ക്ക് തയ്യാറെടുക്കുക. ജോയ്മാത്യുവും സംഘവും അണിയിച്ചൊരുക്കിയഷട്ടര്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. കോഴിക്കോട് നഗരത്തിലെ രണ്ട് പകലും ഓ#രു രാത്രിയും അതിന്റെ തനത് ഭാവത്തോടെ പ്രക്ഷേകര്‍ക്ക് മുന്നിലെത്തിക്കുകയാണ് ഷട്ടര്‍ എന്ന കന്നി സംരംഭത്തിലൂടെ ജോയ്മാത്യു.

ഈ വര്‍ഷത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്ത ഷട്ടര്‍ റിലീസിങ്ങിന് മുമ്പ് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലും ഷട്ടര്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന.

ചിത്രത്തില്‍ അപൂര്‍വരാഗങ്ങളിലൂടെ ശ്രദ്ധേയനായ വിനയ് ഫോര്‍ട്ട്, ലാല്‍, ശ്രീനിവാസന്‍, സജിത മഠത്തില്‍, നിഷ ജോസഫ്, റിയ സൈറ എന്നിവര്‍ വേഷമിടുന്നുണ്ട്. ഇവര്‍ക്ക് പുറമെ കോഴിക്കോടന്‍ നാടക സൗഹൃദ കൂട്ടായ്മകളിലെ നിരവധി പരിചിതമുഖങ്ങളും ചിത്രത്തില്‍ ചായമണിയുന്നു.
ഗള്‍ഫ് മലയാളിയും, സിനിമ സംവിധായകനും, ഓട്ടോഡ്രൈവറുമായ മൂന്ന് പേര്‍ക്കിടയിലേക്ക് എത്തപ്പെടുന്ന ഒരു അപരിചിതയായ സ്ത്രീയും ഇവര്‍ക്കിടയിലുണ്ടാകുന്ന അസാധാരണ സംഭവ വികാസങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്.

സംവിധായകന് രഞ്ജിത്തിന്റെ ക്യാപ്പിറ്റോള്‍ സിനിമയാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്.