കോന്നി സംഭവം;ചികിത്സയിലിരുന്ന മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു

Untitled-1 copyതൃശൂര്‍: ട്രെയിനില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ആര്യ സുരേഷ്‌(16) മരിച്ചു. തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ഇന്ന്‌ നാലരയോടെയാണ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരണം സംഭവിച്ചത്‌. കോന്നിയില്‍ നിന്ന്‌ നാടുവിട്ട മൂന്ന്‌ പെണ്‍കുട്ടികളില്‍ ഒരാളാണ്‌ ആര്യ. മരണസമയത്ത്‌ അമ്മയും സഹോദരനും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

മൃതദേഹം പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി നാളെ പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. കോന്നി പെണ്‍കുട്ടികള്‍ നാടുവിട്ടതിനെ കുറിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ ആര്യയുടെ മരണം.

ഐരവണ്‍ സ്വദേശി ആതിര, തെങ്ങുംകാവ്‌ സ്വദേശി എസ്‌ രാജി എന്നിവരുടെ മൃതദേഹമാണ്‌ ആദ്യം കണ്ടെത്തിയത്‌. ഇവരുടെ മൃതദേഹത്തിന്‌ സമീപം ഗുരുതരമായി പരിക്കേറ്റ നിലയിലാണ്‌ ആര്യയെ കണ്ടെത്തിയത്‌. തൃശൂര്‍ മെഡിക്കല്‍കോളേജിലെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകായിരുന്നു ആര്യയെ. ആര്യയുടെ നില ഇടയ്‌ക്ക്‌ മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞദിവസമുണ്ടായ ന്യുമോണിയ ബാധ സ്ഥിതിഗതികള്‍ മാറ്റുകയായിരുന്നു. ഇന്നുരാവിലെ ആര്യയുടെ ശ്വാസകോശത്തിലെ പഴുപ്പും മറ്റും നീക്കം ചെയ്‌തിരുന്നു. എന്നാല്‍ ഉച്ചയോടെ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരണം സംഭവിക്കുകയായിരുന്നു.