കോണ്‍ട്രാക്‌റ്റേഴ്‌സ് അക്കാദമി ആരംഭിക്കും – മന്ത്രി ജി സുധാകരന്‍

മലപ്പുറം: കരാറുകാര്‍ക്കായി സംസ്ഥാനത്ത് കോണ്‍ട്രാക്‌റ്റേഴ്‌സ് അക്കാദമി ആരംഭിക്കുമെന്ന്് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. നാടുകാണി – പരപ്പനങ്ങാടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെയും മലപ്പുറം – വലിയങ്ങാടി റോഡിന്റെ പൂര്‍ത്തീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കരാറുകാര്‍ക്കും ഉപകാരപ്പെടുന്ന രൂപത്തിലാവും അക്കാദമിയുടെ പ്രവര്‍ത്തനം. അക്കാദമിയിലൂടെ പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയം പരിശീലനം നല്‍കുകയും ചെയ്യും. തൊഴില്‍നൈപുണ്യം പരിഷ്‌കരിക്കാനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേത്തലയില്‍ നടന്ന പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി. പിവി അന്‍വര്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗസിലര്‍മാരായ ഒ സഹദേവന്‍, ബുഷ്‌റ സക്കീര്‍, ഹഫ്‌സത്ത് മച്ചിങ്ങല്‍, വത്സല ടീച്ചര്‍, സുപ്രണ്ടിങ് എഞ്ചിനിയര്‍ പികെ മിനി, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ് ഹരീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണ പ്രവര്‍ത്തി 375 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുത്. ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലൂടെ കടന്ന്് പോകുന്ന 104.63 കിലോമീറ്ററാണ് പദ്ധതിയില്‍ നവീകരിക്കുന്നത്. റോഡിനിരുവശവുമുള്ള കൈയേറ്റം തിരിച്ച് പിടിച്ചും പൊതുജന പങ്കാളിത്തത്തോടെയും 12 മീറ്റര്‍ വരെ വീതി കൂട്ടിയാണ് റോഡ് നിര്‍മിക്കുന്നത്. ചുരം പാതയിലെ മണ്ണിടിച്ചല്‍ തടയുന്നതിനും പാര്‍ശ്വങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. അപകട രഹിതമായ യാത്ര ഉറപ്പാക്കുന്നതിന് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതും പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്.
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് നിന്നും തുടങ്ങി 615 മീറ്റര്‍ നീളത്തില്‍ തിരൂര്‍-മലപ്പുറം റോഡില്‍ ചേരു ഒന്നാം ഘട്ടവും കോട്ടപ്പടി മുതല്‍ വലിയങ്ങാടി വരെ ഒരു കിലോമീറ്റര്‍ നീളത്തില്‍ ചേരുന്ന രണ്ടാം ഘട്ടവും ഉള്‍പ്പെടുന്നതാണ് മലപ്പുറം ബൈപാസ്. ബൈപാസ് റോഡിന്റെ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചതാണ്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാലാണ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. കേസിലുള്ള സ്ഥലം ഒഴിവാക്കി ബാക്കിയുള്ള ഭാഗങ്ങളിലാണിപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ബൈപാസ് പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ 25.18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടപ്പടിയില്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും സൗകര്യം വര്‍ധിപ്പിക്കുന്നതിന് 25 ലക്ഷം രൂപയുടെ പ്രവൃത്തിയും ഇതോടൊപ്പം ചെയ്യുന്നുണ്ട്.

Related Articles