കോണ്‍ഗ്രസ് വഞ്ചിച്ചു;അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ജോണി നെല്ലൂര്‍

johny-nelloorകൊച്ചി: അങ്കമാലി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂർ രംഗത്ത്. ഇന്ന് രാവിലെ സ്വവസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കൂടെകൊണ്ടുനടന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് മുന്നണിയോട് അയിത്തമില്ല. താൻ നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത് ഇടത് സ്ഥാനാർഥിയായാണ്. സീറ്റ് നിഷേധിച്ച് തന്‍റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാനാകില്ലെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപിന് പിറവം സീറ്റ് മാത്രമേ നൽകാനാകൂ എന്ന് യു.ഡി.എഫ് കൺവീൻ പി.പി. തങ്കച്ചൻ വ്യാഴാഴ്ച തന്നെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയ തനിക്ക് ഇത് ഏറെ മനപ്രയാസമുണ്ടാക്കിയെന്നും ജോണി നെല്ലൂർ പറഞ്ഞു.

ഭാവിപരിപാടികൾ തീരുമാനിക്കാനായി ജേക്കബ് ഗ്രൂപിന്‍റെ അടിയന്തിര നേതൃയോഗം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ചേരും. അങ്കമാലിക്ക് പകരം മൂവാറ്റുപുഴ സീറ്റെന്ന ജേക്കബ് ഗ്രൂപ്പിന്‍റെ ആവശ്യവും കോണ്‍ഗ്രസ് തള്ളി. അനൂപ് ജേക്കബ് അടക്കമുള്ളവരുമായി കൂടിയാലോചനകള്‍ നടത്തി നേതൃയോഗത്തിന് ശേഷം ഭാവി നിലപാട് ജോണി നെല്ലൂര്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.