കോണ്‍ഗ്രസ്‌ ഭരിക്കുന്ന നന്നമ്പ്രസഹകരണബാങ്കിലേക്ക്‌ മുസ്ലീംലീഗിന്റെ മാര്‍ച്ച്‌

Story dated:Tuesday September 22nd, 2015,10 35:am
sameeksha sameeksha

തിരൂരങ്ങാടി:മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തില്‍ കോണ്‍ഗ്രസ്സും ലീഗും തുറന്ന പോരിലേക്ക്‌. കോണ്‍ഗ്രസ്‌ ഭരണസമിതി നേതൃത്വം നല്‍കുന്ന നന്നമ്പ്ര സര്‍വ്വീസ്‌ സഹകരണബാങ്കിലേക്ക്‌ ചൊവ്വാഴ്‌ച യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ്‌ മാര്‍ച്ച്‌ നടത്തുന്നു. ലീഗിന്റെ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ മാര്‍ച്ച്‌. സഹകരണബാങ്കിലെ നിയമനങ്ങളില്‍ കോഴ വാങ്ങുന്നെന്നും, ഇടപാടിലെ സുതാര്യമില്ലായ്‌മയും ആരോപിച്ചാണ്‌ ലീഗിന്റെ മാര്‍ച്ച്‌.

കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സംവിധാനത്തില്‍ ഒരുമിച്ച്‌ മല്‍സരിച്ചെങ്കിലും ഇപ്പോള്‍ മുസ്ലീം ലീഗ്‌ ഒറ്റക്കാണ്‌ പഞ്ചായത്ത്‌ ഭരിക്കുന്നത്‌. കോണ്‍ഗ്രസ്സിന്‌ മേധാവിത്വമുള്ള സഹകരണബാങ്കിന്റെ ഭരണസമിതിയിലേക്ക്‌ ലീഗിന്‌ കോണ്‍ഗ്രസ്‌ സീറ്റ്‌ നിഷേധിച്ചിരുന്നു. ഇതിന്‌ ബദലാലയി പഞ്ചായത്ത്‌ ഭരണസമിതിയില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ അംഗമായ വൈസ്‌ പ്രസിഡന്റിനെ പുറത്താക്കി ആ സ്ഥാനവും ലീഗ്‌ കൈവശം വെക്കുകയായിരുന്നു. ഇതോടെയാണ്‌ ഇരുപാര്‍ട്ടികളും രണ്ടായി പോരിനിറിയങ്ങിയത്‌.

തദ്ദേസസ്വയംഭരണതിരഞ്ഞെടുപ്പ്‌ തൊട്ടുമുന്നില്‍ നില്‍ക്കെ ജില്ലയിലെ പലയിടങ്ങളിലും ലീഗ്‌ കോണ്‍ഗ്രസ്സ്‌ ബന്ധം തകര്‍ച്ചയിലാണ്‌.