കോട്ടയ്‌ക്കലില്‍ 6ാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന രക്ഷിതാക്കള്‍ പിടിയില്‍

Untitled-1 copyകോട്ടയ്‌ക്കല്‍: പതിമൂന്ന്‌ വയസ്സുള്ള ആറാംക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ കൂട്ടു നിന്ന മാതാപിതാക്കള്‍പിടിയിലായി. കുട്ടിയെ അച്ഛനും അമ്മയും ചേര്‍ന്ന്‌ വേശ്യാവൃത്തിക്ക്‌ കൊണ്ടുപോകുന്നുണ്ടെന്ന്‌ ചൈല്‍ഡ്‌ ലൈന്‍പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയിലായത്‌. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ ഇവരുടെ താമസ സ്ഥലത്തെത്തി കൂട്ടിയെ മോചിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെ കോട്ടയ്‌ക്കല്‍ പോലീസിന്‌ കൈമാറി. കോട്ടക്കിലന്‌ സമീപം പുലിക്കോട്ടയിലാണ്‌ സംഭവം.

നാലാം ക്ലാസ്‌ മുതല്‍ തന്നെ ഇത്തരത്തില്‍ പീഡിപ്പിച്ചു വരികയാണെന്നും നാല്‍പ്പതോളം പേര്‍ പീഡിപ്പിച്ചതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്‌. തിരൂരിലെ ഒരു ലോഡ്‌ജില്‍ വെച്ചും പീഡിപ്പിച്ചിട്ടുണ്ടെന്ന്‌ കുട്ടി പറഞ്ഞു. ഏജന്റുമാര്‍ വഴി അമ്മ പലര്‍ക്കും കുട്ടിയെ എത്തിച്ചു നല്‍കുകയായിരുന്നു. ഇവരുടെ മൂത്ത മകളുടെ ഭര്‍ത്താവും സമീപത്തെ രണ്ട്‌ യുവാക്കളും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്‌. കുട്ടിയെ നല്‍കി ഓരോരുത്തരില്‍ നിന്നും രണ്ടായിരം രൂപ വരെ അമ്മ ഈടാക്കിയതായാണ്‌ വിവരം.

കുട്ടിയെ ചൈല്‍ഡ്‌ ലൈന്‍ സുരക്ഷിതമായ കേന്ദ്രത്തിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. രണ്ടുമാസമുമ്പാണ്‌ കുട്ടിയെ പീഡിപ്പിക്കുന്ന വിവരം ചൈല്‍ഡ്‌ ലൈനിന്‌ ലഭിക്കുന്നത്‌. അന്നു മുതല്‍ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്‌ച ശിശു സംരക്ഷണ ഓഫീസര്‍ക്ക്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയത്‌. ചൈല്‍ഡ്‌ ലൈന്‍ എത്തിയ സമയത്ത്‌ ഇവര്‍ ഇവിടെ നിന്ന്‌ താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ കുട്ടിയുള്‍പ്പെടെ ഏഴുമക്കളാണ്‌ ഇവര്‍ക്കുള്ളത്‌.

കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം.