കോട്ടക്കുന്ന്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ പുനര്‍നിര്‍മിക്കാന്‍ ശുപാര്‍ശ

മലപ്പുറം: മലപ്പുറം നഗരസഭാ വികസനത്തിനായി പഠനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയോഗിച്ച ഇസാഫ്‌ പഠനസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന കോട്ടക്കുന്ന്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്‌ വിദഗ്‌ധ കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ പുനര്‍നിര്‍മിക്കാന്‍ ശുപാര്‍ശ. നഗരസഭക്കുള്ളിലെ പൊതുസ്ഥലങ്ങളും കാല്‍നടയാത്രാ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ച്‌ പഠനം നടത്താന്‍ 2014-15 ലാണ്‌ നഗരസഭാ ഭരണസമിതി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ്‌ എന്ന ഏജന്‍സിയെ ഏല്‍പിച്ചത്‌. ഇസാഫ്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രകാശനവും വികസന സെമിനാറിന്റെ ഉദ്‌ഘാടനവും നഗരസഭാ സമ്മേളന ഹാളില്‍ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്‌ത്‌ നിര്‍വഹിച്ചു.
കാല്‍നട യാത്രാ സൗകര്യങ്ങളുടെ വികസനത്തിനായി നടപ്പാതകളുടെ വീതി കൂട്ടുന്നതിനും അരികില്‍ തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്‌. നടപ്പാതകളുടെ വശങ്ങളിലായി പൊതു ടോയ്‌ലറ്റുകള്‍, ഇരിപ്പിടങ്ങള്‍, വേസ്റ്റ്‌ ബിന്നുകള്‍ എന്നിവ സ്ഥാപിക്കാനും നിര്‍ദേശങ്ങളില്‍ പറയുന്നു. നഗരസഭയിലെ ഹാജിയാര്‍ പള്ളി ഗ്രൗണ്ടിന്റെ വികസനത്തിനായി ഗ്രൗണ്ടില്‍ ടര്‍ഫ്‌ സ്ഥാപിക്കാനും സുരക്ഷാ മതില്‍ സ്ഥാപിക്കാനും ടോയ്‌ലറ്റുകള്‍, ഫ്‌ലഡ്‌ലൈറ്റ്‌, വേസ്റ്റ്‌ബിന്‍, റീഫ്രഷ്‌മെന്റ്‌ സ്റ്റാളുകള്‍ എന്നിവ സ്ഥാപിക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസന സെമിനാറില്‍ നഗരസഭാ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പെഴ്‌സണ്‍ മറിയുമ്മ ഷരീഫ്‌ അധ്യക്ഷയായി. ഇസാഫ്‌ പ്രോഗ്രാം ഓഫീസര്‍ എം.പി. ജോര്‍ജ്‌, ഇസാഫ്‌ ഡയറക്‌ടര്‍ ജോകബ്‌ മാനുവല്‍, ഹെല്‍ത്‌ ബ്രിജ്‌ റീജണല്‍ മാനേജര്‍ ഫീബ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.