കോടികള്‍ മുടക്കിയ റോഡ് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണിന്റെ ഹൃദയഭാഗത്ത് താനൂര്‍ഭാഗത്തേക്കുള്ള ബസ്റ്റോപ്പ് സ്ഥിതിചെയ്യുന്നിടത്ത്‌ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച റബ്ബറൈസ്ഡ് റോഡ് വാട്ടര്‍ അതോറിറ്റിക്കാര്‍ കണക്ഷന്‍ നല്‍കുന്നതിനായി വെട്ടിപ്പൊളിച്ചു. ഒന്നരയടി വീതിയും രണ്ടരയടി ആഴത്തിലും കീറുമ്പോഴാണ് നാട്ടുകാര്‍ ഇടപെട്ട് പണി തടഞ്ഞത്. പരപ്പനങ്ങാടി റിക്രിയേഷന്‍ റോഡിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനുവേണ്ടിയാണ് റോഡ് മുറിച്ചത്.

അധികൃതരെ വിവരമറിയിച്ചാണ് റോഡ് പൊളിച്ചതെന്നാണ് ഈ പ്രവൃത്തി ചെയ്തിരുന്നവര്‍ പറഞ്ഞത്‌.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റബ്ബറൈസ്ഡ് റോഡുകളില്‍ 5 വര്‍ഷം ഗ്യാരണ്ടിയുള്ളതിനാല്‍ മറ്റു വകുപ്പുകള്‍ റോഡ് കീറിമുറിക്കുന്നതിന് മുന്‍കൂറായി പണമടച്ച് അനുമതി വാങ്ങേണ്ടതാണ്.  എന്നാല്‍ മാത്രമേ പ്രവൃത്തി നടത്താനാവു. എന്നാല്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് വെട്ടിപ്പൊളിക്കാന്‍ പരപ്പനങ്ങാടി പിഡബ്ല്യൂഡി റോഡ് വിഭാഗം ‘വാക്കാല്‍’ അനുമതി നല്‍കിയത്.

ഏതായാലും നാട്ടുകാരിടപെട്ട് കരാറുകാരന്‍ കുഴിച്ച കുഴി വീണ്ടും മൂടി.