കൊല്ലപ്പെട്ട കൃഷ്ണ കുമാറിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

കൊല്ലം: രണ്ടുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൃഷ്ണ കുമാറിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കൊല്ലം ചിന്നക്കട ബിവറേജസിനടുത്തുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത്. രണ്ടുവര്‍ഷം മുമ്പാണ് ചിന്നക്കടയ്ക്കടുത്ത് വിശ്വഭവനില്‍ കൊളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിനെ കാണാതായത്. കൃഷ്ണകുമാറിനെ കൊലപ്പെടുത്തി മൃതദേഹം പഴയ എഫ്‌സിഐ ഗോഡൌണ്‍ പരിസരത്തെ സെപ്ടിക് ടാങ്കില്‍ തള്ളിയെന്ന പ്രതികളിലൊരാളുടെ മൊഴിയെ അടിസ്ഥാനമാക്കി ഇന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

2014 നവംബര്‍ 11നാണ് കൃഷ്ണകുമാറിനെ കാണാതായത്.കേസിലെ ഒന്നാം പ്രതിയുമായ കൊല്ലം ഈസ്റ്റ് വടക്കുംഭാഗം പുള്ളിക്കട കള്ളുഷാപ്പിനു സമീപം വാടകയ്ക്ക് താമസിക്കുന്ന റോയി (42) എന്ന കൊമ്പന്‍ റോയിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികളും ഇയാളുടെ സുഹൃത്തുക്കളുമായ അയ്യപ്പന്‍, മുരുകന്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ തമിഴ്‌നാട്ടില്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. പൊലിസ് കസ്റ്റഡിയില്‍ മരിച്ചുവെന്നതടക്കം അഭ്യൂഹമുണ്ടായിരുന്നു.എന്നാല്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ റോയിയും മറ്റുപ്രതികളും കൃഷ്ണകുമാറിനെ കൊലപെടുത്തുകയായിരുന്നു. വീട്ടിലെ സ്ത്രീകളോട് മോശമായി പെരുമാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു .

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ. രഞ്ജുവിന്റെ നേതൃത്തില്‍ മൂന്ന് ഡോക്ടര്‍മാരും ജില്ലയിലെ ഫൊറന്‍സിക് വിഭാഗവും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.