കൊലക്കേസില്‍ പ്രതികളായ രണ്ട്‌ മലയാളികള്‍ക്ക്‌ യുഎഇയില്‍ വധശിക്ഷ

Untitled-1വ്യത്യസ്‌ത കൊലക്കേസിലെ പ്രതികളായ രണ്ട്‌ മലയാളി യുവാക്കാള്‍ക്ക്‌ വധശിക്ഷ വിധിച്ചു. കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ്‌ സ്വദേശി കൈതപ്പുറത്ത്‌ അബ്ദുല്‍ ബാസിത്ത്‌ (24), തൃശൂര്‍ ചാവക്കാട്‌ സ്വദേശിയായ യുവാവ്‌ എന്നിവരെയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌.

ഷാര്‍ജ അസ്‌ഹര്‍ അല്‍ മദീന ട്രേഡിങ്‌ സെന്റര്‍ മാനേജറായ അടിയോടത്ത്‌ അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ്‌ ബാസിത്തിനെ വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. വ്യാഴാഴ്‌ചയാണ്‌ ഷാര്‍ജ കോടതി ഇയാള്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌. 2013 സെപ്‌റ്റംബര്‍ ആറിന്‌ രാത്രി 12.15 നാണ്‌ അബൂബക്കര്‍ കൊലചെയ്യപ്പെട്ടത്‌. ഇദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെടുക്കാനായിരുന്നു കൊല നടത്തിയത്‌. ഇതേ സ്ഥാപനത്തിലെ റെഡിമെയ്‌ഡ്‌ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബാസിത്ത്‌.

സുഹൃത്തായ ഫിലിപ്പൈനി യുവാവിനെ വധിച്ച കേസിലാണ്‌ റാസല്‍ ഖൈമ കോടതി തൃശൂര്‍ ചാവക്കാട്‌ സ്വദേശിക്ക്‌ വധശിക്ഷ വിധിച്ചത്‌. ഒന്നര വര്‍ഷം മുമ്പാണ്‌ കൊലപാതകം നടന്നത്‌. മലയാളിയായ ഈ യുവാവിന്റെ ചില അമാന്യമായ പ്രവവൃത്തികള്‍ ഫിലിപ്പൈന്‍ യുവാവ്‌ മൊബൈലില്‍ പകര്‍ത്തുകയും ഇത്‌ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ആദ്യമൊക്കെ പണം നല്‍കിയെങ്കിലും ഇത്‌ തുടര്‍ന്നതോടെ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതെസമയം ഫിലിപ്പൈന്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക്‌ ദിയ പണം നല്‍കി ഈ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌.