കൊട്ടിയൂര്‍ പീഡനം: രണ്ട് കന്യാസ്ത്രീകള്‍ കീഴടങ്ങി

കണ്ണൂര്‍ : വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ അവശേഷിച്ചിരുന്ന രണ്ട് പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനിറ്റ എന്നിവരാണ് രാവിലെ 6.45 ന് പേരാവൂര്‍ സിഐ: എന്‍ സുനില്‍ കുമാറിന്റെ ഓഫീസില്‍ കീഴടങ്ങിയത്.

നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

സഹപ്രവര്‍ത്തകര്‍ക്കും അഭിഭാഷകയ്ക്കും ഒപ്പമാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്ത ശേഷം തലശേരി ജില്ലാ കോടതിയില്‍ ഇവരെ ഹാജരാക്കും.