കൊടക്കാട്‌ റബ്ബര്‍ എസ്‌റ്റേറ്റ്‌: കൈവശ സര്‍ട്ടിഫിക്കറ്റിനും ഭൂനികുതി സ്വീകരിക്കാനും നടപടി

തിരൂരങ്ങാടി താലൂക്ക്‌ വള്ളിക്കുന്ന്‌ അരിയല്ലൂര്‍ വില്ലേജിലെ കൊടക്കാട്‌ റബ്ബര്‍ എസ്റ്റേറ്റ്‌ പരിസരവാസികള്‍ക്ക്‌ കൈവശ സര്‍ട്ടിഫിക്കറ്റ്‌ അടക്കമുള്ള റവന്യൂ രേഖകള്‍ നല്‍കാനും ഭൂനികുതി സ്വീകരിക്കാനും സര്‍ക്കാര്‍ നടപടിയായി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച സബ്‌മിഷനെ തുടര്‍ന്നാണ്‌ നടപടി. പ്രദേശത്തെ 200 ഓളം കുടുംബങ്ങള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. ക്രയവിക്രയം പ്രകാരം ലഭിച്ച ഭൂമിയായതിനാല്‍ ഇതില്‍ മറ്റ്‌ ആവശ്യങ്ങള്‍ക്കായി നിര്‍മാണ പ്രവൃത്തികള്‍ നടത്താനോ വൈദ്യുതി കണക്ഷന്‍ എടുക്കാനോ അനുമതി ഉണ്ടായിരുന്നില്ല. ഇത്തരം ആവശ്യങ്ങള്‍ക്ക്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുത ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌ തടയണമെന്ന്‌ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം പിന്‍വലിക്കാന്‍ ലാന്‍ഡ്‌ ബോര്‍ഡ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ ഉടനടി നടപടി സ്വീകരിക്കുമെന്ന്‌ രേഖാമൂലം വിവരം ലഭിച്ചതായി എം.എല്‍.എ. അറിയിച്ചു.