കൊച്ചി മെട്രോ: ജൈക്ക ചര്‍ച്ച തൃപ്തികരം.

കൊച്ചി : കൊച്ചി മെട്രോ പദ്ധതിക്ക്‌ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് എത്തിയ  ജൈക്ക പ്രതിനിധി സംഘം കെഎംആര്‍എല്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തി.

2171 കോടി രൂപ വരെ സാമ്പത്തികസഹായമാണ് ജപ്പാന്‍ ഫണ്ടിങ് ഏജന്‍സിയായ ജൈക്ക കൊച്ചി മെട്രോയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കൊച്ചിയിലെ കെ.എം.ആര്‍.എല്‍. ഓഫിസില്‍ കെ.എ.ംആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മെട്രോ പദ്ധതിയുടെ വിശദമായ രൂപരേഖ വിശകലനം, സാങ്കേതികവിദ്യ പരിഷ്കരണം, മുന്നൊരുക്കങ്ങള്‍, വായ്പയുടെ തിരിച്ചടവ് എന്നിവ സംബന്ധിച്ചുമായിരുന്നു പ്രധാന ചര്‍ച്ച.

ചര്‍ച്ച തൃപ്തികരമാണെന്ന്‌ ജെയ്ക്ക പ്രതിനിധികളും അറിയിച്ചിട്ടുണ്ട്‌. അതെ സമയം ഉച്ചയ്ക്കു ശേഷമാണ് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

ചര്‍ച്ചയില്‍ പൂര്‍ണതൃപ്തരാണെന്നും കൊച്ചി മെട്രോയ്ക്ക് ജപ്പാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും പ്രതിനിധിസംഘം തലവന്‍ തകേഷി ഫുക്കായാമ പറഞ്ഞു. നാളെ പദ്ധതിപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കെ.എം.ആര്‍.എല്‍. അധികൃതരുമായി സംഘം അവസാനവട്ട ചര്‍ച്ച നടത്തും.