കൊച്ചി നഗരമധ്യത്തില്‍ യുവതിയെ കഴുത്തറുത്തു കൊന്നു.

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതിയെ കഴുത്തറുത്തു കൊന്നു. വ്യാഴാഴ്ച വൈകിട്ട് 6.45ന് കലൂര്‍ ജഡ്ജസ് അവന്യൂ കോര്‍ണറിലാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്.

കൊച്ച് ചിലവന്നൂര്‍ തോട്ടയ്ക്കാട വീട്ടില്‍ സുബ്ബയന്റെ മകള്‍ ശ്രീലത (38)യെ സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന ഭര്‍ത്താവ് കാസര്‍കോട് ഹോസ്ദുര്‍ഗ്ഗ് ചിറ്റാരിക്കല്‍ കരിമ്പില്‍ വീട്ടില്‍ റെനീഷ്(34) കഴുത്തറുത്തു കൊല്ലുകയായിരുന്നു.

കടവന്ത്രയ്ക്കടുത്തുളള ചിലവന്നൂരിലുള്ള വാടകവീട്ടില്‍ നിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു ഇരുവരും. കലൂരില്‍ വാഹനം നിര്‍ത്തിയ ഉടന്‍ റെനീഷ് തന്റെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ശ്രീലതയുടെ കഴുത്തറുക്കുകയായിരുന്നു. യുവതി നിലത്തു വീണ ഉടന്‍ ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ച് സ്ഥലം വിടുകയും ചെയ്തു.

അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമ്മനത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്യൂണാണ് റെനീഷ്. നഗരത്തില്‍ ബ്യൂട്ടീഷ്യനായി ജോലി നോക്കിവരികയായിരുന്നു ശ്രീലത. സംഭവത്തിന് ശേഷം പ്രതി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.