കൊച്ചിയില്‍ സമാന്തര പോലീസിങ്‌ നടക്കുന്നുണ്ടെന്ന്‌ ഡിജിപി സെന്‍കുമാറിന്റെ സത്യവാങ്‌മൂലം

senkumar-668x452കൊച്ചി: മുന്‍ പോലീസ്‌ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമാന്തര അന്വേഷണം നടക്കുന്നുണ്ടെന്ന്‌ പോലീസ്‌ മേധാവി ടി പി സെന്‍കുമാറിന്റെ സത്യവാങ്‌മൂലം. മുന്‍ എസ്‌ പി സുനില്‍ ജേക്കബിന്റെ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയുടെ മറവിലാണ്‌ സമാന്തരപോലീസിങ്‌ നടക്കുന്നതെന്നും ഇത്‌ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ സെന്‍കുമാര്‍ ആരോപിക്കുന്നു.

പോലീസിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന തരത്തിലാണ്‌ ഏജന്‍സിയുടെ പ്രവര്‍ത്തനം. കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ സുനില്‍ ജേക്കബ്‌ ഏജന്‍സിയെ ഉപയോഗിക്കുന്നുണ്ട്‌. സര്‍്‌ക്കാര്‍ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരുടെ ഇതിനായി ഏജന്‍സിക്ക്‌ ലഭിക്കുന്നുണ്ട്‌. ഇതിനുവേണ്ടി ഉദ്യോഗസ്ഥരെ സ്ഥലമാറ്റുക പോലൂം ചെയ്‌തിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്‌.

സര്‍വീസിലിരിക്കെ മോശം ട്രാക്ക്‌ റെക്കോര്‍ഡുള്ള സുനില്‍ ജേക്കബ്‌ ഏഴ്‌ തവണ അച്ചടക്ക നടപടിക്ക്‌ വിധേയമായിട്ടുണ്ടെന്നും ഡിജിപി സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഐജി അജിത്ത്‌ കുമാറിനെതിരെ സുനില്‍ജേക്കബ്‌ ഉന്നയിച്ച ആരോപണം ശരിയല്ലെന്നും അജിത്‌ കുമാറിന്റെ നടപടികള്‍ നിയമപ്രകാരമാണെന്നും അതില്‍ വ്യക്തിവൈരാഗ്യമില്ലെന്നും അദേഹം പറയുന്നു.

ഇതിനെക്കുറിച്ച്‌ സംസ്ഥാന ഇന്റലിജന്‍സ്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടും മുദ്രവെച്ച കവറില്‍ ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.