കൊക്കില്‍ ശ്വാസമുള്ളിടത്തോളം അനീതിക്കെതിരെ പൊരുതും; വിഎസ്‌

vs-achuthanandanതിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനവുമായി വി എസ് അച്യുതാനന്ദന്‍. പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും കൊക്കില്‍ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരുമെന്നും വി എസ് അഭിപ്രായപ്പെട്ടു. അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും എതിരായ പോരാട്ടങ്ങളും കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളും തുടരുമെന്ന് വി എസ് വ്യക്തമാക്കി.

ഇടതുമുന്നണിയുടെ വിജയത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തന്റെ നിലപാടുകള്‍ തുടരുമെന്ന് വിഎസ് ഉറപ്പു നല്‍കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നെന്നും അതിനാലാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് മത്സരിക്കാന്‍ തയ്യാറായതെന്നും വിഎസ് വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെയുള്ള കള്ളക്കൂട്ടങ്ങളെ തുറന്നുകാട്ടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ടാര്‍ജറ്റ് ചെയ്യാനും കള്ളക്കേസില്‍ കുടുക്കാനുമാണ് അവര്‍ ശ്രമിച്ചത്. എന്നും പോര്‍മുഖങ്ങളില്‍ പിന്തുണച്ചിട്ടുള്ള ജനങ്ങള്‍ ഇത്തവണയും വലിയ പിന്തുണയാണ് നല്‍കിയത്.

91 സീറ്റിലെ ഉജ്ജ്വല വിജയം നല്‍കിയാണ് ജനങ്ങള്‍ ഇടതുമുന്നണിയെ സ്വീകരിച്ചത്. ദേശീയ തലത്തില്‍ വര്‍ഗ്ഗീയതയ്ക്ക് എതിരെ സന്ധിയില്ലാതെ പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമര ശക്തി നിലനിര്‍ത്താന്‍ കേരളത്തിലെ ഇടത് വിജയം അനിവാര്യമായിരുന്നു. ഇത്തരമൊരു ചരിത്രമുഹൂര്‍ത്തത്തിലാണ് കേരളത്തില്‍ ഇടത് ഭരണ ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തത്. ഏഴരപ്പതിറ്റാണ്ട് കാലം അവിശ്രമം ചെങ്കൊടി പിടിക്കുന്ന എന്റെ കടമയായിരുന്നു അത്. വിഎസ് പോസ്റ്റില്‍ കുറിക്കുന്നു.