കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനയങ്ങളില്‍ പ്രതിഷേധിച്ച്‌ മലയാള സാഹിത്യ ലോകം

Untitled-1 copyദില്ലി/തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച്‌ മലയാള സാഹിത്യലോകം. പ്രശസ്‌ത എഴുത്തുകാരി സാറാജോസഫ്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. കവിയും നിരൂപകനുമായി സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും രാജിവെച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ്‌ കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ്‌ സച്ചിദാനന്ദന്‍ രാജിവെച്ചത്‌. പി കെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.

എുത്തുകാരെ കൊന്നൊടുക്കുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനത്തിന്റെ അവകാശത്തെ പോലും നിഷേധിക്കുകയും ചെയ്‌തുകൊണ്ട്‌ ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ്‌ താന്‍ അവാര്‍ഡ്‌ തിരിച്ചേല്‍പ്പിക്കുന്നതെന്ന്‌ സാറ ജോസഫ്‌ പറഞ്ഞു. നേരത്തെ മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച്‌ തനിക്ക്‌ ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ സാറാ ജോസഫ്‌ തിരിച്ചു നല്‍കിയിരുന്നു.

രാജ്യത്ത്‌ മതത്തിന്റെ പേരില്‍ കൊലയും കൊള്ളിവയ്‌പും നടത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്ന്‌ അപകടമാരമായ മൗനത്തില്‍ പ്രതിഷേധിച്ച്‌ പ്രശസ്‌ത എഴുത്തുകാരി ശശി ദേശ്‌പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമി കൗണ്‍സില്‍ അംഗത്വം രാജി വെച്ചു.