കെപിഎസി ലളിത മത്സര രംഗത്തു നിന്നും പിന്മാറി

kpac lalithaതൃശൂര്‍: കെപിഎസി ലളിത മത്സരരംഗത്തു നിന്നും പിന്മാറി. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് പിന്മാറുന്നതെന്ന് ലളിത അറിയിച്ചു.പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളല്ലാതെ മറ്റൊരു പ്രേരണയും മത്സരരംഗത്തു നിന്നും പിന്മാറുന്നതില്‍ ഇല്ലെന്ന് കെപിഎസി ലളിത വ്യക്തമാക്കി.

കെപിഎസി ലളിതയെ വടക്കാഞ്ചേരിയില്‍ മത്സരിപ്പിക്കുന്നതില്‍ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കെപിഎസി ലളിത മത്സരംഗത്തു നിന്നും പിന്മാറുന്നതോടെ വടക്കാഞ്ചേരിയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ട അവസ്ഥയാണ് പാര്‍ട്ടിക്കുള്ളത്. ജില്ലാ നേതാവായ സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ പേരായിരിക്കും സമാന്തരമായി വടക്കാഞ്ചേരിയില്‍ ഉയരാന്‍ പോകുന്നത്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരംഗത്തുണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി സിപിഐഎം ജില്ലാനേതാക്കള്‍ കെപിഎസി ലളിതയുടെ വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടിലെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരസ്യപ്രതിഷേധങ്ങളുയര്‍ന്ന പുതിയ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. കെപിഎസി ലളിത മത്സരംഗത്തുനിന്നും മാറുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഐഎം നേതാക്കള്‍ കെപിഎസി ലളിതയുടെ വീട്ടിലെത്തിയത്. ജില്ലാ സെക്രട്ടറി എസി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു കെപിഎസി ലളിതയുടെ വീട്ടിലെത്തിയത്. സ്ഥാനാര്‍ഥിയാകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു പ്രതിഷേധവുമില്ലെന്ന് എസി മൊയ്തീന്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവസാന തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.