കെജ്രിവാളിന്റെ ഒഫീസില്‍ സിബിഐ റെയ്‌ഡ്‌; ഓഫീസ്‌ സീല്‍വെച്ചു

18kejriwal1ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്‌ഡ്‌. ഓഫീസ്‌ പരിശോധിച്ച ശേഷം സീല്‍വെച്ചു. രാഷ്‌ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്തതാണ്‌ നരേന്ദ്രമോദിയുടെ ഭീരുത്വമെന്ന്‌ കെജ്രിവാള്‍ പറഞ്ഞു. തന്റെ ഓഫീസില്‍ റെയ്‌ഡ്‌ നടന്നുവെന്ന്‌ ട്വിറ്ററിലൂടെയാണ്‌ കെജ്രിവാള്‍ അറിയിച്ചത്‌.

അതെസമയം കെജ്രിവാളിന്റെ ഓഫീസില്‍ റെയ്‌ഡ്‌ നടത്തിയിട്ടില്ലെന്ന്‌ സിബിഐ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആസ്ഥാനത്ത്‌ ഇന്ന്‌ രാവിലെയാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. റെയ്‌ഡ്‌ നടത്തിയത്‌ പ്രിസിപ്പല്‍ സെക്രട്ടറിക്കെതിരെയാണെന്ന്‌ സിബിഐ വ്യക്തമാക്കി. മുതിര്‍ന്ന നേതാവായ ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇത്‌ അന്വേഷിക്കുകയാണ്‌ ചെയ്‌തതെന്ന്‌ സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഭവത്തില്‍ പാര്‍ലിമെന്റ്‌ പ്രക്ഷുബ്ധമായി. എന്ത്‌ കാര്യത്തിലും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത്‌ ഒരു ട്രെന്‍ഡായിട്ടുണ്ടെന്ന്‌ വെങ്കയ്യ നായഡു പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും നിരന്തരം വിവിധ വിഷയങ്ങളില്‍ വാക്‌ തര്‍ക്കത്തിലാണ്‌. കഴിഞ്ഞ ദിവസം ചേരി ഒഴിപ്പിക്കുന്നതിനിടെ കുട്ടി മരിക്കാനിടയായ സംഭവത്തിലും കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞിരുന്നു. ഇരകള്‍ക്കുള്ള നഷടപരിഹാരം റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും കൊലപാതക കുറ്റത്തിന്‌ കേസെടുക്കണമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

ദില്ലിയില്‍ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതും വിവാദത്തിനിടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ വിമര്‍ശനം മറികടന്ന്‌ എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയായി ആംആദ്‌മി പാര്‍ട്ടി സര്‍ക്കാര്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലായിരുന്നു വിമര്‍ശനം. പ്രധാനമന്ത്രിയുടെ വേതനം കുറവാണെങ്കില്‍ അദേഹം കൂടുതതല്‍ തുക അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു വിമര്‍ശനത്തിന്‌ കെജ്രിവാളിന്റെ പ്രതികരണം. ഈ ബില്ലോടെ എന്റെ ശമ്പളം പ്രധാനമന്ത്രിയുടേതിനേക്കാള്‍ കൂടുതലാണെന്നാണ്‌ വിമര്‍ശനം അങ്ങനെയെങ്കില്‍ പരിതാപകരമാണെന്നും കൂടുതല്‍ തുക അനുവദിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ഇത്രയും ചെറിയ തുകയ്‌ക്ക്‌ അദേഹം എങ്ങനെയാണ്‌ പൊരുത്തപ്പെടുകയെന്നും കെജ്രിവാള്‍ ചോദിച്ചു.

മറ്റു പാര്‍ട്ടികളെ പോലെ ആംആദ്‌മി അഴിമതിയിലൂടെ പണം സമ്പാദിക്കുന്നില്ല. ശമ്പളം ഉയര്‍ത്തുകയെന്നതാണ്‌ അഴിമതി തടയാനുള്ള പോംവഴിയെന്നും അദേഹം പറഞ്ഞിരുന്നു.