കൂടംകുളം സന്ദര്‍ശനം ; വിഎസ്സിന് കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസന

ന്യൂദല്‍ഹി: കുടംകുളം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസന.

പാര്‍ട്ടിയെ ധിക്കരിച്ച് വി.എസ് അച്യുതാനന്ദന്‍ കൂടംകുളത്തേക്ക് പോവരുതായിരുന്നുവെന്ന് കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു.

കേരളത്തില്‍ നിന്നുള്ള അംഗങ്ങളും വി.എസിന്റെ യാത്രയെ വിമര്‍ശിച്ച് സംസാരിച്ചു. വിവാദയാത്ര ഒഴിവാക്കേണ്ടതായിരുന്നെന്ന് തമിഴ്‌നാട്ടിലെ പ്രതിനിധികളും ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റി ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വി.എസിന് പരസ്യ ശാസന നല്‍കാന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്.

  കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക്കും എ.വിജയരാഘവനും വിഎസിനെതിരെ കടുത്ത വിമര്‍ശനം നടത്തി.
കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരം മാനിച്ച് വി.എസിനെ പരസ്യശാസന നല്‍കുകയാണെന്നായിരുന്നു പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വി.എസിനെ മാറ്റണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അത്തരം നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പി.ബി അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

അതെ സമയം കൂടംകുളത്തെ സമരം ന്യായമാണെന്നും വി എസ് ആവര്‍ത്തിച്ചു. കൂടംകുളത്തേത് ആറ് കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെന്നും കൂടുംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തന്റെ നിലപാടെന്നും വിഎസ് പറഞ്ഞു