കുലപതിയുടെ തിരോധാനം

ശ്രി സുകുമാര്‍ അഴീക്കോട് നിര്യാതനായിരിക്കുന്നു. അഴീക്കോടിന്റെ വിയോഗം അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നില്ല. സര്‍വര്‍ക്കും സമചിത്തതയോടെ സ്വീകരിക്കാന്‍ തക്ക സമയവും സാവകാശവും നല്‍കിയാണ് ‘പിംഗള കേശിനിയായ മൃത്യു’ കൈരളി ജന്മംനല്‍കിയ മഹാനായ കര്‍മ്മയോഗിയെ കൈയ്യേറ്റു വാങ്ങിയത്. ദൈവത്തിന്റെ സൂക്ഷിപ്പുകളായി വീട്ടാത്ത കടങ്ങളൊന്നും ബാക്കിവെക്കാതെ അദ്ദേഹം കടന്നുപോയിരിക്കുന്നു. അവശേഷിച്ചിരിക്കുന്ന അല്പമാത്ര രാഗദേഷ്യങ്ങളെപ്പോലും നിവര്‍ത്തിക്കാനുള്ള സാവകാശം മരണശയ്യയിലും അദ്ദേഹത്തിന് അനുവദിക്കപ്പെട്ടിരുന്നു. ഒരു ഭീഷ്മപര്‍വ്വം കൂടി അവസാനിച്ചിരിക്കുന്നു.
എഴുത്തുകാരന്‍, വാഗ്മി, സാമൂഹ്യ വിമര്‍ശകന്‍ എന്നീ നികളില്‍ അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ അഴീക്കോട് നിറഞ്ഞുനിന്നിരുന്നു. ക്ഷിപ്രകോപിത്വവും നര്‍മബോധവും               അനിതസാധാരണമായി ഇണചേര്‍ന്ന അദേഹത്തിന്റെ തീഷ്ണസാന്നിധ്യം ഇക്കാലമത്രയും ഓരോ മലയാളിക്കും അനുഭവഭേദ്യമായിരുന്നു. പ്രഭാവലയങ്ങള്‍ക്കും അക്കാദമിക്ക് ഔന്നത്വത്തിനും അപ്പുറത്തുള്ള ഒരു പരസ്പരാശ്ലേഷം അഴീക്കോടും കേരളീയപൊതുബോധവുമായി നിലനിന്നിരുന്നു. സുകുമാര്‍ അഴീക്കോട് എന്ന സാഹിത്യ വിമര്‍ശകന്‍ ഒരു ഭൂവിടത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മുതിരുകയായിരുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണിലാണ്‌ അഴീക്കോട്  രൂപം കൊള്ളുന്നത്. നവേത്ഥാന മൂല്യങ്ങള്‍ തിരസ്‌കരിക്കപ്പെടുന്ന ഒരുകാലത്താണ് അദേഹത്തിന്റെ വ്യക്തിത്വം തിടം വെക്കുന്നത്. കേരളത്തിന്റെ സമീപകാല ചരത്രത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട അഴീക്കോടിന്റെ വ്യക്തിത്വത്തിലും കേരളീയ ജീവിതത്തിന്റെ കുതിച്ചുചാട്ടങ്ങളും ഒളിച്ചോട്ടങ്ങളും മുദ്രിതമാക്കാതെ വയ്യ.      അഭിപ്രായവും, അടിയന്തിരാവസ്ഥയും ശാഠ്യവും സ്‌നേഹവുമൊക്കെ മലയാളിയുടെ ‘പ്രോട്ടോടൈപ്പ്’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ വിമര്‍ശനകുലപതിയെക്കുറിച്ചുള്ള പില്‍കാല സംവാദങ്ങളില്‍ നിറയാതെയും വയ്യ.
അഴീക്കോട് ഇന്ന് ഒരു അടയാള വാക്യമാണ്. മലയാളി ജീവിച്ചുതീര്‍ത്ത അരനൂറ്റാണ്ടിന്റെ ദൂരത്തെക്കുറിക്കുന്ന ഒരടയാളവാക്യം. മാര്‍ഗദര്‍ശികളോരോരുത്തരായി മാഞ്ഞുപോകുന്ന ഈ ചരിത്ര സന്ധിയില്‍ നിന്ന് ഇനി എങ്ങോട്ട് എന്ന ചോദ്യവും……