കുറ്റ്യാടിയില്‍ മലവെള്ളപാച്ചിലില്‍ കാണാതായ ആറാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു

കോഴിക്കോട്:   കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ ആറാമന്റെ മൃതദേഹവും കണ്ടെത്തി.ബുധനാഴ്ച നടത്തിയ തെരച്ചിലിലാണ് ആറാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു (കുഞ്ചു–20)വിന്റെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍പെട്ട ആറ് പേരുടെ മൃതദേഹവും കണ്ടെത്തി.

കൊടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ദാസ് (മുത്ത്–21) , മരുതോങ്കര കോതോട് സ്വദേശികളായ കക്കുഴിയുള്ളകുന്നുമ്മല്‍ ശശിയുടെ മകന്‍ സജിന്‍ (കുട്ടു– 19), പാറയുള്ളപറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ് (കുട്ടന്‍–19), കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത് (മോനൂട്ടന്‍– 19) ,പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷി (ചിണ്ടന്‍–24) എന്നിവരാണ് അപകടത്തില്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. മൂന്ന് ദിവസങ്ങളായി നടന്ന തെരച്ചില്‍ ഇവര്‍ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ഞായറാഴ്ച വൈകിട്ട് നാലരയോടെ പിറുക്കന്‍തോട് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ ചെക്ക്ഡാമിന് സമീപം കടന്തറപ്പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട ഒമ്പതുപേരില്‍ വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു (22), കുട്ടിക്കുന്നുമ്മല്‍ വിനോദിന്റെ മകന്‍ വിനീഷ്(26), അമല്‍ (19) എന്നിവര്‍ രക്ഷപ്പെട്ടിരുന്നു.

തൃശൂരില്‍നിന്നെത്തിയ ദേശീയ ദുരന്തനിവാരണ സേന, നാദാപുരം, പേരാമ്പ്ര, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകള്‍, പൊലീസ്, പ്രാദേശിക വളന്റിയര്‍മാര്‍ എന്നിവരാണ് തെരച്ചില്‍ നടത്തിയത്.

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് വനത്തില്‍ ഉരുള്‍പൊട്ടിയാണ് കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍.