കുറ്റിപ്പുറം പഞ്ചായത്ത് വാടകക്കെട്ടിടം പുതുക്കി നല്‍കുന്നതില്‍ ക്രമക്കേട്: പഞ്ചായത്തംഗങ്ങള്‍ക്ക് സമന്‍സ്

കുറ്റിപ്പുറം: വാടകക്കെട്ടിടം പുതുക്കി നല്‍കുന്നതില്‍ ക്രമക്കേടുണ്ടായെന്ന പരാതിയില്‍ കുറ്റിപ്പുറം പഞ്ചായത്തിലെ മുന്‍ ഭരണസമിതി അംഗങ്ങള്‍ അടക്കം 27 പേര്‍ക്ക് തിരൂര്‍ കോടതിയുടെ സമന്‍സ്. കുറ്റിപ്പുറം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള വാടക കെട്ടിടം മരിച്ച പോയ വ്യക്തികള്‍ക്ക് പുതുക്കി നല്‍കി എന്ന് കാണിച്ച് കുറ്റിപ്പുറം സ്വദേശി നല്‍കിയ പരാതിയിലാണ് സമന്‍സ്. കുറ്റിപ്പുറം ടൗണിലെ പഞ്ചായത്ത് ഉടമസ്ഥതയിലുളള കെട്ടിടങ്ങളുടെ വാടകമുറികള്‍ ഭൂരിഭാഗവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പുനര്‍ലേലമില്ലാതെ പുതുക്കി നല്‍കിയെന്നാണ് പരാതി. ഇതിന്റെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുളളതായിആരോപണമുയര്‍ന്നിരുന്നു. ലക്ഷങ്ങള്‍ വരുമാനമുള്ള വാടകമുറികളാണ് പുനര്‍ലേലം ചെയ്യാതെ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പേരില്‍ മാറ്റി കൊടുത്തിരിക്കുന്നത്. വികലാംഗര്‍, പട്ടികജാതിക്കാര്‍ എന്നിവര്‍ക്ക് ക്വാട്ട പ്രകാരം അനുവദിക്കേണ്ട മുറികള്‍ പോലും മാനദണ്ഡം ലംഘിച്ച് മറ്റുളളവര്‍ക്ക് നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 20102015 കാലഘട്ടത്തിലെ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ബിനാമി പേരില്‍ ലേലം കൊണ്ട് മുറികള്‍ സ്വന്തമാക്കിയ രണ്ടുപേ

ര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമ രേഖ ഉണ്ടാക്കല്‍, പൊതുഖജനാവിന് നഷ്ടം ഉണ്ടാക്കല്‍, അര്‍ഹതപ്പെട്ടവര്‍ക്ക് അനൂകൂല്യം നിഷേധിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ കേസ് എടുത്തിരിക്കുന്നത്.