കുത്തിവെപ്പ്‌ ശാക്തീകരണം: വാര്‍ഡ്‌തല കര്‍മപദ്ധതി രൂപവത്‌ക്കരണം തുടങ്ങി

injectionമലപ്പുറം: ഏഴ്‌ വയസില്‍ താഴെയുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്‌ ശാക്തീകരണത്തിന്‌ വാര്‍ഡ്‌ തലങ്ങളില്‍ കര്‍മ പദ്ധതി രൂപവത്‌ക്കരണം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു. ഡിഫ്‌തീരിയയുടെ പശ്ചാത്തലത്തില്‍ കുത്തിവെപ്പ്‌ ഊര്‍ജിതപ്പെടുത്തുന്നതിനായി ജൂലൈ 25 ന്‌ മലപ്പുറത്ത്‌ ജില്ലാ കലക്‌ടറുടെ ചേംബറില്‍ ആരോഗ്യ വകുപ്പ്‌ സെക്രട്ടറി രാജീവ്‌ സദാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗതീരുമാന പ്രകാരമാണ്‌ നടപടികള്‍ തുടങ്ങിയത്‌.
ഏഴില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കുത്തിവെപ്പ്‌ നല്‍കുന്നതിന്‌ ലൈന്‍ ലിസ്റ്റ്‌ പ്രകാരം കാംപിന്റെ തീയതി, സ്ഥലം, നിയോഗിക്കുന്ന ഡോക്‌ടര്‍മാരുടെയും ഫീല്‍ഡ്‌ ജീവനക്കാരുടെയും പേര്‌ എന്നിവ ഉള്‍ക്കൊള്ളിച്ച പദ്ധതിയാണ്‌ തയ്യാറാക്കുന്നത്‌. രണ്ടാഴ്‌ചയ്‌ക്കകം ഇത്‌ പൂര്‍ത്തിയാക്കുമെന്ന്‌ ഡി.എം.ഒ. അറിയിച്ചു. കുത്തിവെപ്പ്‌ തീരെ എടുക്കാത്തവരെയും ഭാഗികമായി എടുത്തവരെയുമാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതനേതാക്കള്‍, സന്നദ്ധ-യുവജന സംഘടനകള്‍ പങ്കെടുപ്പിച്ച്‌ വാര്‍ഡ്‌തലത്തില്‍ യോഗം ചേര്‍ന്ന്‌ കര്‍മപദ്ധതി ചര്‍ച്ച ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരാണ്‌ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുക. കുത്തിവെപ്പ്‌ കാംപ്‌ തീയതികള്‍ വാര്‍ഡ്‌ യോഗങ്ങളില്‍ കൃത്യമായി അറിയിക്കും. തുടര്‍ന്ന്‌ വാര്‍ഡ്‌തല കര്‍മപദ്ധതി പഞ്ചായത്ത്‌ തലത്തില്‍ യോഗം ചേര്‍ന്ന്‌ ചര്‍ച്ച ചെയ്യുമെന്നും ഡി.എം.ഒ. പറഞ്ഞു.
മൂന്ന്‌ മാസത്തിനകം സമ്പൂര്‍ണ കുത്തിവെപ്പ്‌ കൈവരിച്ച ജില്ലയാക്കി മാറ്റുകയാണ്‌ ലക്ഷ്യം.