കുടിയേറ്റ നിരോധനനിയമം പ്രാബല്യത്തില്‍;174 അഭയാര്‍ത്ഥികള്‍ ഹംഗറിയില്‍ അറസ്റ്റില്‍

hungary1റോസ്‌കെ: കുടിയേറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ 174 അഭയാര്‍ത്ഥികളെ ഹംഗറിയില്‍ അറസ്റ്റ്‌ ചെയ്‌തു. സെര്‍ബിയയുമായുളള അതിര്‍ത്തിപ്രദേശത്ത്‌ നിന്നാണ്‌ 60 പേരെ അറസ്റ്റ്‌ ചെയ്‌തത്‌. 174 പേര്‍ക്കും എതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചു.

അഭയര്‍ത്ഥി പ്രവാഹം തടയാന്‍ ലക്ഷ്യമിട്ടാണ്‌ ഹംഗറി പുതിയ നിയമം നടപ്പിലാക്കിയത്‌. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നവര്‍ക്ക്‌ മൂന്ന്‌ വര്‍ഷം തടവ്‌ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ്‌ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പിവേലിക്ക്‌ കേടുപാടുകള്‍ വരുത്തിയാല്‍ ശിക്ഷ ഇനിയും കൂടും. ഇന്നലെ അര്‍ധരാത്രിയാണ്‌ നിയമം നിലവില്‍ വന്നത്‌.

സെര്‍ബിയയുമായുള്ള അതിര്‍ത്തി ഹംഗറി പൂര്‍ണമായും അടച്ചിരിക്കുകയാണ്‌. ഔദ്യോഗിക പ്രവേശന കവാടങ്ങളും അടച്ചു. റൊമാനിയയുമായുള്ള അതിര്‍ത്തിയിലും കമ്പിവേലി സ്ഥാപിക്കാനുളള തയ്യാറെടുപ്പിലാണ്‌ ഹംഗറി.

രണ്ട്‌ ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണ്‌ ഈ വര്‍ഷം മത്രം ഹംഗറിയിലെത്തിയത്‌. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള യാത്രയിലാണ്‌ അഭയര്‍ത്ഥികള്‍ ഹംഗറിയിലെത്തിയത്‌.