കുടകിന്റെ നാരങ്ങ …..മലപ്പുറത്തിന്റെ മധുരം

പരപ്പനങ്ങാടി: ഓറഞ്ച് മലപ്പുറത്തിനെന്നും മധുരക്കനി. വിരുന്നിനും, മരുന്നിനുമെല്ലാം കൂട്ട് നാരങ്ങ തന്നെ, രോഗീസന്ദര്‍ശനം മുതല്‍ അതിഥി സല്‍കാരം വരെ യാത്രയേതുമാകട്ടെ ഗ്രാമീണ മലപ്പുറത്തിന്റെ യാത്രാക്കോളില്‍ നാരങ്ങയുടെ വിഹിതം വലുതാണ്. കഴിഞ്ഞ തലമുറയിലെ സാഹസിക അധ്വാന മേഖല തെരഞ്ഞെടുത്തവരിലധികം പേരും തീവണ്ടികളില്‍ നാരങ്ങ വില്പനക്കാരായി മാറി. തീവണ്ടികളില്‍ ഇന്നും നാരങ്ങയുടെ കച്ചവടത്തിന് പുളിയും മധുരവും അനുഭവപ്പെടുന്നതായി കച്ചവടക്കാര്‍ പറയുന്നു.

ജില്ലാ ആസ്ഥാനത്തും മറ്റും ബസ്സുകളിലും മധുര വര്‍ത്തമാനങ്ങള്‍ ചുള ചേര്‍ത്ത ഡയലോഗുകളുമായി കയറു വരുന്ന കച്ചവടക്കാരേയും മധുരപൂര്‍വ്വം സ്വീകരിക്കുകയാണ് മലപ്പുറം. ആശുപത്രികളിലും, കാന്റീനുകളിലുമെല്ലാം പോഷക സമൃദ്ധമായ ഈ മധുരക്കനിക്ക് വലിയ ഇടമുണ്ട്. പിഞ്ചുപ്രായത്തിലെത്തുന്ന പുളിയെവെല്ലും പുളിയാര്‍ന്ന നാരങ്ങയില്‍ മസാല ചേര്‍ത്ത് മസാലയടിയാക്കി വിജയകരമായി പരീക്ഷണം തുടരുന്ന മലപ്പുറത്തിന്റെ തെരുവില്‍ കുലുക്കിയാല്‍ ചുളയാടുന്ന മുന്തിയയിനം നാരങ്ങകള്‍ വരെ സ്വര്‍ണ വര്‍ണം ചൂടി നില്‍ക്കുന്നു.

വയനാട്, മേട്ടുപാളയം തുടങ്ങി പലയിടങ്ങളില്‍ നിന്നായി ടണ്‍ കണക്കിന് തൂക്കവും നാരങ്ങകള്‍ മലപ്പുറത്തുണ്ടെങ്കിലും കുടകില്‍ നിന്നാണ് കാര്യമായ മധുരനാരങ്ങയുടെ വരവ്.