കുഞ്ഞാലികുട്ടിയുടെ വസതിയിലേക്ക് യൂത്ത്‌ലീഗ് പ്രതിഷേധ പ്രകടനം

മലപ്പുറം : മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി മന്ത്രി പി.കെ കുഞ്ഞാലികുട്ടിയുടെ വീട്ടിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം .
വേങ്ങര കാരത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ വസതിക്ക് മുന്നില്‍ അങ്ങാടിപ്പുറം പഞ്ചായത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. മഞ്ഞളാംകുഴി അലിക്ക് ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രകടനം.

28-ാം തിയ്യതി നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ മുസ്ലിംലീഗിന്റെ നാലുമന്ത്രിമാരെയും വഴിയില്‍ തടയുമെന്നും മുസ്ലിംലീഗ് ഇന്ന് സാധരണക്കാരന്റെ വികാരങ്ങള്‍ അവഗണിക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു.

 

അതെസമയം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് മഞ്ഞളാംകുഴി അലി ഭീഷണി മുഴക്കിയതായും വാര്‍ത്തയുണ്ട്.

 

കോഴിക്കോട് മാര്‍ച്ച് 30ന് നടക്കാനിരുന്ന മുസ്ലീംലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും മാറ്റ്ി വച്ചിട്ടുണ്ട്.

മുസ്ലിംലീഗിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവായ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടന്നത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി സ്ഥാനം ഇത്രവൈകിയും നടപ്പിലാകാത്തതില്‍ ലീഗിന്റെ അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

 

ഇതൊരു സാധാരണ സംഭവം മാത്രമാണെന്നും, പ്രകടനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും മന്ത്രിമാരെ തടയുമെന്ന് മുദ്രാവാക്ക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞ് കയറിയ മാര്‍ക്കിസ്റ്റുകാരായിരിക്കുമെന്നും ചാനലുകളോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാല്‍ അഞ്ചാം മന്ത്രി സ്ഥാനത്തെപ്പറ്റി ഈ അവസരത്തില്‍ ഒന്നും വിട്ടുപറയാന്‍ അദേഹം തയ്യാറായില്ല.
എന്നാല്‍ പി.കെ അബ്ദുറബ്ബിനെയും ഇബ്രാഹിം കുഞ്ഞിനെയും മാറ്റി പകരം മഞ്ഞളാംകുഴി അലിയെയും സമദാനിയെയും മന്ത്രിമാരാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ഫോര്‍മുലയും ലീഗ് നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്.