കിളിരൂര്‍ കേസില്‍ പുനരന്വേഷണം വേണ്ട; കോടതി

കൊച്ചി: കിളിരൂര്‍ കേസില്‍ സിബിഐ പുനരന്വേഷണം ആവശ്യപ്പെട്ട് പീഢനത്തിനിരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കൂടാതെ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശാരിയുടെ മാതാപിതാക്കളുടെ നീക്കം സംശയകരമാണെന്ന് കോടതി അഭിപ്രായപ്പെടുകയുണ്ടായി.
പ്രസവശേഷം ശാരി മരിക്കാനിടയായ സാഹചര്യം ദുരൂഹമാണെന്നും സിബിഐ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ശാരിയുടെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്. വൈദ്യശാസ്ത്രരംഗത്തെ പിഴവുകളെ കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് നടത്തിയതെന്നും ഇക്കാര്യം ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് സിബിഐ കോടതി പുനരന്വേഷണആവശ്യം തള്ളിയതെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 8-നാണ് കിളിരൂര്‍ കേസ് പുറത്തു വന്നത്. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 5 പ്രതികള്‍ക്ക് 10 വര്‍ഷം തടവും പതിനായിരം രൂപ പിഴയും ആണ് കോടതി വിധിച്ചത്.

 

വിധി പുറത്തുവന്നപ്പോള്‍ വിധിയില്‍ തൃപ്തനാണ് താനെങ്കിലും കേസിലുള്‍പ്പെട്ട കൂടുതലാളുകള്‍ പുറത്തുണ്ടെന്നും അവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ശാരിയുടെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ശാരിയുടെ മാതാപിതാക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.