‘കില’ സര്‍വ്വെ റിപ്പോര്‍ട്ട് സമസ്തമേഖലകളിലും പട്ടികജാതിക്കാര്‍ പിന്നില്‍.

തൃശ്ശുര്‍: സംസ്ഥാനത്തെ പട്ടികജാതിക്കാര്‍ പൊതു ജീവിതത്തില്‍ ഇപ്പോഴും ഏറെ പിന്നോക്കാവസ്ഥയിലാണെന്ന് ‘കില’യുടെ സര്‍വ്വെ റിപ്പോര്‍ട്ട്. വീ്ട്. കുടിവെള്ളം, ആവശ്യത്തിന് ഭക്ഷണം, കക്കൂസ്, സഞ്ചാരമാര്‍ഗ്ഗം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളും വിദ്യാഭ്യാസ സൗകര്യം, ചികില്‍സ, തൊഴില്‍ തുടങ്ങിയവയും ഇല്ലാതെ ഏറെ കഷ്ടപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് അനുസരിച്ച് കക്കൂസോ പൊതു കക്കൂസോ ഇല്ലാത്ത 68,685 പട്ടികജാതി കുടുംബങ്ങളുണ്ട്. 53.67 ശതമാനം കുടുംബങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുന്നു. 88,000 വീടുകള്‍ ഇനിയും വൈദ്യുതീകരിച്ചിട്ടില്ല. 15-59 വയസ്സിനിടയില്‍ പ്രായമുള്ള 7,65,000 പേര്‍ തൊഴില്‍ രഹിതരാണ്. ഇവരില്‍ 33,055 ബിരുദധാരികളും, 4,869 ബിരുദാനന്തര ബിരുദധാരികളുമുണ്ട്. പട്ടികജാതിക്കാരില്‍ 26,864 പേര്‍ നിത്യരോഗികളാണ്. 80,174 കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡില്ല.

സാക്ഷരത 88.73 ശതമാനമാണ്. 64.77 ശതമാനം പത്താം ക്ലാസ്സില്‍ താഴെ മാത്രം വിദ്യാഭ്യാസമുള്ളവരാണ്. എസ്.എസ്.എല്‍.സി ജയിച്ചവര്‍ 13.44 ശതമാനവും ഹയര്‍സെക്കന്‍ഡറി ജയിച്ചവര്‍ 6.49 ശതമാനവും ബിരുദം-ബിരുദാനന്തരബിരുദം നേടിയവര്‍ 2.80 ശതമാനവുമാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ കേവലം 0.09 ശതമാനമാണ്. 25 വയസ്സില്‍ താഴെയുള്ള 55,318 പട്ടികജാതി യൂവതീ-യുവാക്കള്‍ പഠനം ഉപേക്ഷിച്ചതായി കണ്ടെത്തി. 5-15 വയസ്സിനിടയിലുള്ള 2060 ത്തോളം കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നിട്ടില്ല.

സംസ്ഥാനത്ത് 26,342 പട്ടികജാതി സങ്കേതങ്ങളുണ്ട്. ആകെ പട്ടികജാതി ജനസംഖ്യ 23.52 ലക്ഷമാണ്. ഇവരില്‍ 11.49ലക്ഷം പേര്‍ പുരുഷന്‍മാരും 12.03 ലക്ഷം സ്ത്രീകളുമാണ്. ആകെ പട്ടികജാതി കുടുംബങ്ങള്‍ 5.58 ലക്ഷമാണ്. ഇവയില്‍ 3.44 ലക്ഷം കുടുംബങ്ങള്‍ സങ്കേതങ്ങളിലും 2.14 ലക്ഷം പുറത്ത് ഒറ്റപ്പെട്ടും താമസിക്കുന്നു. 2001ലെ സെന്‍സസുമായി താരതമ്യപ്പെടുത്തുമ്പോള്‍ പട്ടികജാതി ജനസംഖ്യയില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്