കിന്‍ഫ്ര പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ്‌ യൂനിറ്റ്‌: ‘നീരി’ പഠനം നടത്തും

Story dated:Tuesday February 23rd, 2016,05 55:pm
sameeksha sameeksha

kingfraകാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡിന്റെ ഉത്‌പാദന യൂനിറ്റ്‌ തുടങ്ങുന്നതുമായി ബന്ധപ്പെട്ട മലിനീകരണ സംബന്ധമായ വിഷയത്തില്‍ നാഷണല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (നീരി) പഠനം നടത്തും. കിന്‍ഫ്ര പാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ നവീകരണവും പഠനത്തില്‍ ഉള്‍പ്പെടുത്തും. മലബാര്‍ ഗോള്‍ഡ്‌ യൂനിറ്റിനെതിരായ സമരസമിതി നേതാക്കളുമായി വ്യവസായ-ഐ.ടി. വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍, ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ എന്നിവര്‍ കലക്‌ടറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.
സ്വര്‍ണാഭരണ ഉത്‌പാദന യൂനിറ്റ്‌ ആരംഭിച്ചാല്‍ ഉണ്ടായേക്കാവുന്ന മലിനീകരണത്തിന്റെ തോതും പ്രശ്‌നങ്ങളും ദേശീയ ഗവേഷണ സ്ഥാപനമായ ‘നീരി’ പരിശോധിക്കും. ‘നീരി’ യുമായി ബന്ധപ്പെടുകയും പഠനം നടത്തി മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ ലഭ്യമാക്കുകയും ചെയ്യാന്‍ കിന്‍ഫ്ര മുന്‍കയ്യെടുക്കും. പഠനത്തിനുള്ള പരിഗണനാ വിഷയങ്ങളും കിന്‍ഫ്ര തയ്യാറാക്കും. ‘നീരി’ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കിന്‍ഫ്ര പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ്‌ യൂനിറ്റിന്‌ അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന്‌ വ്യവസായ-ഐ.ടി. വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍ പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‌ അപ്പുറത്തുള്ള ഏജന്‍സിയെക്കൊണ്ട്‌ പഠനം നടത്തിച്ച്‌ കൂടുതല്‍ വിദഗ്‌ധമായ റിപ്പോര്‍ട്ട്‌ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്‌ പരിസ്ഥിതി വിഷയങ്ങളില്‍ സുപ്രീംകോടതി വരെ ആശ്രയിക്കാറുള്ള ദേശീയ പരിസ്ഥിതി ഗവേഷണ സ്ഥാപനത്തിന്റെ സഹായം തേടുന്നതെന്നും പി.എച്ച്‌. കുര്യന്‍ പറഞ്ഞു.
ചര്‍ച്ചയില്‍ കിന്‍ഫ്ര എം.ഡി. ജി.സി. ഗോപാലപിള്ള, ജനറല്‍ മാനെജര്‍ കെ.സുധാകരന്‍, അസി. മാനെജര്‍ കെ.എസ്‌. കിഷോര്‍ കുമാര്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ. ജമീല, ഡി.വൈ.എസ്‌.പി. ഷറഫുദ്ദീന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ വരുണ്‍, മലബാര്‍ ഗോള്‍ഡ്‌ പ്രതിനിധികള്‍, കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി നേതാക്കള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.