കിങ്ഫിഷര്‍ താഴോട്ടു പറക്കുന്നു.

ന്യൂഡല്‍ഹി: പ്രതിസന്ധിയിലെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഞായറാഴ്ച്ച ഒറ്റദിവസം 80 സര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്ന് രാവിലെ 13 ഓളം സര്‍വ്വീസുകള്‍ റദ്ദാക്കി കഴിഞ്ഞു. കിങ്ഫിഷറിന്റെ ചില ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര ഇന്‍കം ടാക്‌സ് വകുപ്പ് മരവിപ്പിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണിത്. മൂന്ന് ദിവസങ്ങളും കിങ്ഫിഷറിന്റെ പല സര്‍വ്വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തിരുന്നു.

ശൈത്യകാല ഷെഡ്യൂളില്‍ ദിനം പ്രതി 240 സര്‍വ്വീസുകള്‍ നടത്തേണ്ട കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നിലവില്‍ 180 സര്‍വ്വീസുകളാണ് നടത്തുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈയില്‍ നിന്നുള്ള 16 ഉം ഡല്‍ഹിയില്‍ നിന്നുള്ള 4ഉം കൊല്‍ക്കത്തയില്‍ നിന്നും 72ഉം സര്‍വ്വീസുകളുള്‍പ്പെടെയുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത് സിവില്‍ ഏവിയേഷന്‍ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

എന്നാല്‍ പക്ഷികളിടിച്ചും ചില സാങ്കേതിക കാരണങ്ങളാലും ചില വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനാല്‍ 208 ദിനം പ്രതി സര്‍വ്വീസുകളെ തങ്ങള്‍ക്ക് നടത്താനാവുന്നുള്ളൂ എന്നാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്റ് പ്രകാശ് മിര്‍പുരി അറിയിച്ചു. നാലുദിവസം കൊണ്ട് തങ്ങളുടെ എല്ലാ ഷെഡ്യൂളുകളും പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപകമായി ഫ്‌ളൈറ്റുകള്‍ റദ്ദു ചെയ്തതിനെ കുറിച്ച് ഡിജിസിഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. തങ്ങളെ അറിയിക്കാതെ ഫ്‌ളൈറ്റുകളെ റദ്ദ് ചെയ്യുന്നത് വ്യോമയാന നിയമ ലംഘനമാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തലവന്‍ ഇ.കെ ഭരത് ഭൂഷണ്‍ പറഞ്ഞു. ഫ്‌ളൈറ്റുകള്‍ റദ്ദായതോടെ ദുരിതത്തിലായ യാത്രക്കാരെ മറ്റു വിമാനസര്‍വ്വീസുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.