കാസര്‍ഗോഡ്‌ ഊമയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തതായി പരാതി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ മഞ്ചേശ്വരത്ത്‌ ഊമപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തതായി പരാതി. മഞ്ചേശ്വരം ഹൊസബട്ടുവിലെ മത്സ്യതൊഴിലാളി കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയാണ്‌ ബലാത്സംഗത്തിന്‌ ഇരയായത്‌. അയല്‍വാസിയായ യുവാവ്‌ കുട്ടിയെ കെട്ടിയിട്ട്‌ പീഡിപ്പിക്കയായിരുന്നു.

വൈദ്യപരിശോധനയില്‍ പീഡം നടന്നതായി തെളിഞ്ഞു. കഴിഞ്ഞ സെപ്‌റ്റംബര്‍ 22 നാണ്‌ സംഭവം നടന്നത്‌. വീട്ടിലാരുമില്ലാത്ത നേരത്താണ്‌ അയല്‍വാസിയായ യുവാവ്‌ പെണ്‍കുട്ടിയെ കെട്ടിയിട്ട്‌ പീഡിപ്പിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക്‌ നീതി ലഭിച്ചില്ലെന്ന്‌ ബന്ധുക്കള്‍ പറയുന്നു. വിഷയത്തില്‍ ഇടപെട്ട നാട്ടുകാരാണ്‌ പോലീസിന്‌ പരാതി നല്‍കിയത്‌.

എന്നാല്‍ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ കുറ്റക്കാരനെതിരെ ഒരു പരാതിയും സ്വീകരിച്ചിട്ടില്ലെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മാതാവിനും രണ്ട്‌ സഹോദന്‍മാര്‍ക്കും സംസാരശേഷിയില്ല. നിര്‍ധനരായ കുടുംബമാണ്‌ പെണ്‍കുട്ടിയുടേത്‌.

ഇവരുടെ കാര്യത്തില്‍ ഇടപെടാനോ ഇവരെ സഹായിക്കാനോ ബന്ധുക്കള്‍ ആരും ഇല്ലെന്നാണ്‌ പ്രദേശ വാസികള്‍ അറിയിച്ചത്‌. ജില്ലാ പോലീസ്‌ മേധാവിക്ക്‌ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഒന്നും എടുത്തിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.