കാസര്‍ഗോഡിനു പിന്നാലെ കണ്ണൂരും മുസ്ലീം ലീഗില്‍ സംഘര്‍ഷം.

കണ്ണൂര്‍: ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഭാരവാഹികളുടെ പുതിയ പാനല്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ് ബഹളം തുടങ്ങിയ പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയും യോഗം നടന്ന ഹാളിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ജില്ലാ പ്രസിഡണ്ടായി വി.കെ അബ്ദുള്‍ഖാദര്‍ മൗലവിയെയും സെക്രട്ടറിയായി വി.പി ഫാറൂഖിനെയും വീണ്ടും തെരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തിയ പി.കെ.കെ ബാവയെ കയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് അദ്ദേഹം ഹാളില്‍ നിന്ന് ഇറങ്ങിപോവുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തരെ ലീഗുകാര്‍  കൈയ്യേറ്റം ചെയ്തു. ബഹളത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. തീരുമാനം സംസ്ഥാനസമിതിക്ക് വിട്ടു.

കാസര്‍ഗോഡിനു പിന്നാലെ കണ്ണൂരും സംഘര്‍ഷമുണ്ടായത് ലീഗിന് തലവേദനയായിരിക്കുകയാണ്.