കാസര്‍കോട് മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് : മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കാസര്‍കോട് പഴയ ചൂരി മടിക്കേരിയിലെ മുഹമ്മദ് റിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. കാസര്‍കോട് സ്വദേശികളായ ഇവരുടെ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടായേക്കും.

സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ കലാപം പടര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. മുമ്പ് നടന്ന കൊലക്കേസുകളില്‍ പ്രതികളായവരും കസ്റ്റഡിയിലുണ്ട്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായവുമുണ്ടായിരുന്നു.

കൊല നടന്ന് 24 മണിക്കൂര്‍ കഴിയുംമുമ്പ് അന്വേഷണത്തിന്  സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മാനന്തവാടി ജോയിന്റ് എസ്പി ജി ജയ്ദേവ്, മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സിഐ പി കെ സുധാകരന്‍ എന്നിവരടങ്ങുന്നതാണ് സംഘം. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പഴയ ചൂരിയിലെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ മുഹമ്മദ് റിയാസ് കുത്തേറ്റ് മരിച്ചത്.