കാശ്മീരില്‍ ഭീകരാക്രമണത്തില്‍ നാല് സൈനീകര്‍ കൊല്ലപ്പെട്ടു;നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം പ്രത്യാക്രമണത്തില്‍ നാല് ഭീകരരെ വധിച്ചു. തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശത്ത് സൈന്യം ഭീകരര്‍ക്കായി തെരച്ചിലും തുടരുകയാണ്.

മേഖലയില്‍ വന്‍തോതില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കുപ് വാരയില്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. സൈന്യം നടത്തിയ തിരച്ചിലില്‍ വന്‍ തോതില്‍ ആയുധങ്ങളും കണ്ടെത്തിയിരുന്നു.

ഇന്ന് നടത്തിയ തിരച്ചിലിൽ രാവിലെ 10 മണിയോടെ ഭീകരരെ കണ്ടെത്തി. സൈനിക സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ഇവിടം വനമേഖലയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.