കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങുന്നു.

തേഞ്ഞിപ്പലം: പതിനെട്ടോളം പുതിയ പഠനവിഭാഗം തുടങ്ങാനും വിവിധ വകുപ്പുകളോട് ചേര്‍ന്ന് 22 വിദഗ്ദപഠനകേന്ദ്രം ആവിഷ്‌കരിക്കാനും കലിക്കറ്റ് സര്‍വ്വകലാശാല ബജറ്റില്‍ നിര്‍ദ്ദേശം. മുപ്പത് കോടി ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ഭരണവിഭാഗം കെട്ടിടം നിര്‍മിക്കാന്‍ 15 കോടി രൂപ വകയിരുത്തി. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് പുതിയ കെട്ടിടം പണിയാന്‍ രണ്ട് കോടിയും അനുവദിച്ചിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍, ഗ്രീന്‍ ഇക്കോണമി, ഡിഫറന്റലി ഏബിള്‍ഡ്, ഉറുദു, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഫാഷന്‍ ടെക്‌നോളജി, നിയമം, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൂറിസം സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഇന്റോഗള്‍ഫ് സ്റ്റഡീസ്, ഇസ്ലാമിക് സ്റ്റഡീസ്, ലിഗ്വിസ്റ്റിക്‌സ് എന്നിങ്ങനെ നിരവധി പഠനവിഭാഗങ്ങളാണ് ഇവിടെ ആരംഭിക്കാനുദ്ദേശിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും സഹകരണത്തോടെ 9300 ലക്ഷം രൂപ ചെലവില്‍ ഹരിത കായിക സമുച്ചയം സ്ഥാപിക്കും. ഗവേഷണ പ്രവര്‍ത്തനങ്ങളും ഗവേഷണ സംബന്ധമായ ഭരണനിര്‍വ്വഹണവും മെച്ചപ്പെടുത്താന്‍ റിസര്‍ച്ച് ഡയറക്ടറേറ്റ്, സര്‍വ്വകലാശാലയുടെ വടകര സെന്ററിന്റെ നവീകരണം, ലക്ഷദ്വീപ് സെന്റര്‍ നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയും ബജറ്റിലുണ്ട്.
സര്‍വ്വകലാശാല ക്യാമ്പസില്‍ ‘യൂണിവേഴ്‌സിറ്റി എഫ് എം സ്്‌റ്റേഷന്‍’ സ്ഥാപിക്കാന്‍ ഒരു കോടി വകയിരുത്തി. വൈ ഫൈ ക്യാമ്പസിനും നിര്‍ദ്ദേശമുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍ നാഷണല്‍ സ്റ്റുഡന്‍സ് ഹോസ്റ്റല്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിഐപി ഗസ്റ്റ്ഹൗസ്, പുതിയ പുരുഷ ഹോസ്റ്റല്‍ കെട്ടിടം എന്നിവയ്ക്ക് രണ്ടുകോടി രൂപ വീതം വകയിരുത്തി. തൃശ്ശൂര്‍ ജോണ്‍ മത്തായി സെ്ന്ററില്‍ അധികസൗകര്യം ഒരുക്കുന്നതിന് 110 ലക്ഷം നീക്കിവെച്ചു. സര്‍വ്വകലാശാലാ സയന്‍സ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും പുതിയ കെട്ടിടം പണിയുന്നതിനും 5 കോടിയും ഗ്രീന്‍ ക്യാമ്പസ്് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടിയും അനുവദിച്ചു. ക്യാംമ്പസില്‍ മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റിലെ ധനകാര്യസ്റ്റാന്‍ഡിംങ് കമ്മറ്റി കണ്‍വീനര്‍ ആര്‍.എസ് പണിക്കരാണ് ബജറ്റ് അവതരിപ്പച്ചത്.